ഇനി വില്‍ക്കലും വാങ്ങലും; തപാല്‍ വകുപ്പ് ഇ-കൊമേഴ്സ് രംഗത്തേക്ക്

ശനി, 31 ജനുവരി 2015 (10:57 IST)
രാജ്യത്തെ ഏറ്റവും വലിയ വിതരണ ശൃംഖലയായ തപാല്‍ വകുപ്പും ഇ-കൊമേഴ്സ് രംഗത്തേക്ക്. സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള വെബ് പോര്‍ട്ടലുമായിട്ട് ആയിരിക്കും ഇ -കൊമേഴ്സ് രംഗത്തേക്ക് തപാല്‍ വകുപ്പ് എത്തുക.
 
ഇ - കൊമേഴ്സ് പോര്‍ട്ടല്‍ ഉള്‍പ്പെടെ ഐ ടി അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനായി 4909 കോടി രൂപയുടെ പദ്ധതികളാണ് തപാല്‍ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തന്നെ പദ്ധതി പ്രവൃത്തിപഥത്തില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്.
 
ഗുണമേന്മയുള്ള വസ്തുക്കള്‍ കൃത്യമായ പരിശോധനയ്ക്കു ശേഷമായിരിക്കും വില്പനയ്ക്കായി എത്തിക്കുക. ഡാര്‍ജലിങ് തേയില, പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ നിന്നുള്ള മാമ്പഴം, കാശ്മീരില്‍ നിന്നുള്ള കുങ്കുമപ്പൂ തുടങ്ങിയ ഉത്പന്നങ്ങള്‍ തപാല്‍ വകുപ്പിന്റെ പോര്‍ട്ടലില്‍ ലഭ്യമാകും.
 
സ്‌പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കാഷ്യു ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഗുണമേന്മ ഉറപ്പാക്കിയ ഉത്പന്നങ്ങളാവും ഇത്തരത്തില്‍ വിറ്റഴിക്കുക. 
 

വെബ്ദുനിയ വായിക്കുക