ഇത് പൃഥ്വിയുടെ മാര്‍ക്കറ്റിംഗ്; ഉറുമിക്ക് ഉപന്യാസം
ബുധന്‍, 6 ജൂലൈ 2011 (12:46 IST)
PRO
PRO
എന്തിനും പുതുമ വേണം. എങ്കിലേ അത് ശ്രദ്ധിക്കപ്പെടൂ. അത് അറിഞ്ഞുതന്നെയാണ് സിനിമയുടെ പ്രചരണത്തിനായി പൃഥ്വിരാജ് പുതുമയുള്ള ഒരു മാര്‍ക്കറ്റിംഗ് തന്ത്രം തന്നെ ആവിഷ്ക്കരിച്ചത്. ഉറുമി എന്ന തന്റെ സിനിമയെ ആസ്പദമാക്കി ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ‘ഉറുമി ഒരു ഉപന്യാസം’ എന്ന പേരില്‍ മത്സരം നടത്തുകയാണ് പൃഥ്വി ചെയ്തത്.
പൃഥ്വിക്ക് പങ്കാളിത്തമുള്ള ഓഗസ്റ്റ് സിനിമ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. പാലക്കാട് സ്വദേശിനി വിനീത, എറണാകുളം സ്വദേശിനി ചിപ്പി വര്‍ഗീസ്, കോഴിക്കോട് സ്വദേശിനി ഫിദാ യാസ്മിന്‍ തുടങ്ങിയ സ്‌കൂള്‍വിദ്യാര്‍ഥിനികളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായത്. ഒന്നാം സ്ഥാനം നേടിയ വിദ്യര്‍ത്ഥിനിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. 50,000 രൂപയും 25,000 രൂപയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ലഭിക്കുക.
ഒന്നാം സ്ഥാനം നേടിയ വിനീതക്ക് സ്കൂള്‍ അസംബ്ളിയില്‍ വെച്ച് പൃഥ്വിരാജ് സമ്മാനം നല്‍കും. അവസാന റൌണ്ടിലെത്തിയ അഞ്ച് വിദ്യാര്‍ത്ഥികളുമായി വിദഗ്ധ സമിതി നേരിട്ട് നടത്തിയ സംവാദത്തിന് ശേഷമാണ് വിജയികളെ തീരുമാനിച്ചത്. ഈ കുട്ടികള്‍ക്കൊപ്പം പൃഥ്വിരാജ്, സന്തോഷ് ശിവന്‍ എന്നിവര്‍ വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുക്കുന്നുണ്ട്.
പത്രപ്രവര്‍ത്തക യൂണിയന് ഒരു ലക്ഷത്തി ഒരു രൂപ 'ഓഗസ്റ്റ് സിനിമ'യുടെ സംഭാവനയായി സന്തോഷ് ശിവന്‍ നല്‍കി.