അരി കയറ്റുമതിയില്‍ ക്രമക്കേട് നടന്നു

വെള്ളി, 19 നവം‌ബര്‍ 2010 (15:41 IST)
ഒന്നാം യുപി‌എ സര്‍ക്കാരിന്‍റെ ഭരണ കാലത്ത് ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് അരി കയറ്റുമതി ചെയ്തതില്‍ ക്രമക്കേട് നടന്നതായി സര്‍ക്കാര്‍ സമ്മതിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ കൃത്യമായ വ്യവസ്ഥകള്‍ പാലികാതെ ചില സ്വകാര്യ കക്ഷികള്‍ക്ക് ലാഭമുണ്ടാക്കാന്‍ അവസരം നലികിയെന്നും വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ ലോക്‍സഭയില്‍ അറിയിച്ചു.

ഈ വിഷയം കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ക്രമക്കേടിന് ഉത്തരവാദികളായിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അത്തരം പൊതുമേഖല സംഘങ്ങള്‍ക്കുള്ള ആനുകൂല്യം ഒഴിവാക്കിയതായും ശര്‍മ വ്യക്തമാക്കി.

2007-നും 2009-നും ഇടയിലാണ് അരി കയറ്റുമതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്. അന്ന് ഇപ്പോഴത്തെ ഗതാഗതമന്ത്രിയായ കമല്‍ നാഥായിരുന്നു വാണിജ്യ മന്ത്രി. ടുജി സ്പെക്ട്രം, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്ലാറ്റ് വിവാദം എന്നിവയില്‍ രൂക്ഷമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്ന കേന്ദ്ര സര്‍ക്കാരിന് പുതിയ വെളിപ്പെടുത്തലുകളും തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.

ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഉയര്‍ന്നതോടെ ബസുമതി-ഇതര അരിയുടെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എങ്കിലും നയതന്ത്ര പശ്ചാത്തലം കണക്കിലെടുത്ത് പരിമിതമായ അളവ് അരി ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക