ഓഹരി വിപണിയില്‍ മാജിക് തുടരുന്നു

ബുധന്‍, 4 മാര്‍ച്ച് 2015 (10:41 IST)
ആര്‍ബിഐയുടെ അപ്രതീക്ഷിത നിരക്കുകുറയ്ക്കല്‍ ഓഹരി വിപണിക്ക് കരുത്തുപകര്‍ന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 431 പോയന്റ് ഉയര്‍ന്ന് 30,000 കടന്നു. നിഫ്റ്റ് സൂചിക 122 പോയന്റ് ഉയര്‍ന്ന് 9119ലുമെത്തി. ബാങ്ക്, മൂലധന സാമഗ്രി, റിയാല്‍റ്റി, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടത്തില്‍.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി തുടങ്ങിയവയാണ് മികച്ച നേട്ടത്തില്‍. ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഗെയില്‍, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയായ റിപ്പോയുടെ പലിശനിരക്ക് 0.25 ശതമാനം കുറച്ചു. ഇതുപ്രകാരം നേരത്തെ ഉണ്ടായിരുന്ന 7.75 എന്ന നിരക്കില്‍ നിന്ന് 7.50 ആയി റിപ്പോ നിരക്ക് കുറയും.

പലിശനിരക്കുകള്‍ കുറയാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഫണ്ടുകളുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 6.5 ശതമാനമായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. അതേസമയം സിആര്‍ആര്‍ നിരക്ക് 4 ശതമാനമെന്ന പഴയനിരക്ക് തുടരും.

2013 മെയ് 13ന് ശേഷം ജനവരി 14നാണ് ആദ്യമായി ആര്‍ ബി ഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. 2015ല്‍ ഇത് രണ്ടാം തവണയാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ നിലയില്‍ തന്നെ തുടരുന്നതാണ് നിരക്കുകള്‍ കുറയ്ക്കാന്‍ സഹായകരമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക