സർവകാല ഉയരത്തിൽ നിന്നും വിപണി വീണത് എട്ട് ശതമാനത്തോളം, നിക്ഷേപകർക്ക് നഷ്ടം 14 ലക്ഷം കോടി

വെള്ളി, 26 നവം‌ബര്‍ 2021 (16:08 IST)
ഒക്‌ടോ‌ബർ 19ന് സർവകാല ഉയരം കുറിച്ച ഓഹരിവിപണിയിൽ രണ്ട് മാസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 14 ലക്ഷം കോടിയോളം രൂപ. ഒക്‌ടോബർ 19ന് സെൻസെക്‌സ് 62,245ലും നി‌ഫ്റ്റി 18,604ലും എത്തിയിരുന്നു. അതിന് ശേഷം സൂചികകളിൽ എട്ട് ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്.
 
വെള്ളിയാഴ്‌ച്ച മാത്രം വിപണി 3 ശതമാനത്തിനടുത്ത് നഷ്ടം നേരിട്ടു. പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോഴുണ്ടായ തകർച്ചക്കുപിന്നിൽ. ഫാർമ ഓഹരികൾമാത്രമാണ് തകർച്ചയിൽ പിടിച്ചുനിന്നത്. റിയാൽറ്റി, ലോഹം, ബാങ്ക്, ഓട്ടോ ഓഹരികളെല്ലാം തകർന്നടിഞ്ഞു. 
 
ഒക്ടോബർ 19ലെ ക്ലോസിങ് നിരക്കുപ്രകാരം സെൻസെക്‌സിന്റെ വിപണിമൂല്യം 2,74,69,606.93 കോടി രൂപയായിരുന്നു. നിലവിലെ നിരക്കുപ്രകാരം മൂല്യം 2,60,81,433.97 കോടി രൂപയായാണ് കുറഞ്ഞത്.
 
എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ നിന്ന് ബിഎസ്ഇ മെറ്റൽ സൂചികയ്ക്ക് 13.6 ശതമാനമാണ് നഷ്ടമുണ്ടായത്. എനർജി 8.2ശതമാനവും ഫിനാൻസ് 7.37ശതമാനവും എഫ്എംസിജി 7.04ശതമാനവും ഐടി 6.68ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് 6.1ശതമാനവും ഓട്ടോ 6.01ശതമാനവും റിയാൽറ്റി 5.74 ശതമാനവും നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 5.65ശതമാവനവും സ്‌മോൾ ക്യാപ് 4.6ശതമാനവും നഷ്ടമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍