ചൈനീസ് ഭീമന്റെ പതനത്തെ തുടർന്നുള്ള ആഘാതം ഇന്നും യുഎസ്, യൂറോപ്യൻ വിപണിയിൽ ദൃശ്യമായപ്പോൾ ഏഷ്യൻ മാർക്കറ്റുകളിൽ ഇന്ന് നേരിയ നേട്ടം ദൃശ്യമാണ്. എന്നാൽ ഇന്നലെ ആഗോളവിപണിയിൽ ഉണ്ടായ തകർച്ചയിൽ ശതകോടീശ്വരന്മാർക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 135 ബില്യൺ (10 ലക്ഷം കോടി രൂപ)ഡോളർ ആണെന്നാണ് ബ്ലൂംബർഗ് പറയുന്നത്.
ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊപ്പം കടക്കെണിക്കൂടെയായപ്പോൾ ഇടപാടുകൾക്കുള്ള പണം പോലും കയ്യിലില്ലാത്ത അവസ്ഥയിലാണ് ആഗോളഭീമനായ എവർഗ്രാൻഡെ. 2008ലെ ലേമേൻ ബ്രദേഴ്‌സ് തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ തകർച്ചയിലേക്ക് ആഗോളവിപണി കടന്നേക്കുമോ എന്ന ആശങ്ക ബിസിനസ് ലോകത്ത് ശക്തമാണ്. യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ വരാനിരിക്കുന്ന തീരുമാനങ്ങളുംകൂടിയായപ്പോൾ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആൻഡ്പി 500 സൂചിക 1.7 ശതമാനം തകർച്ചയാണ് നേരിട്ടത്.