സെന്‍‌സെക്സ് തകര്‍ന്നടിഞ്ഞതിന്‍റെ രഹസ്യങ്ങള്‍!

തിങ്കള്‍, 24 ഓഗസ്റ്റ് 2015 (16:36 IST)
ഇന്ത്യന്‍ ഓഹരി വിപണിക്ക് തിങ്കളാഴ്ച കറുത്ത ദിനമായിരുന്നു. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് സമാനമായൊരു ആഘാതം ഇന്ത്യന്‍ ഓഹരിവിപണിയിലുണ്ടായത്. 2008ല്‍ സെന്‍സെക്സ് 2000 പോയിന്‍റോളം താഴ്ന്നിരുന്നു. ഇന്ന് 1600ലധികം പോയിന്‍റിന്‍റെ താഴ്ചയാണ് സെന്‍സെക്സില്‍ ഉണ്ടായത്. നിഫ്റ്റി 490 പോയന്റ് തകര്‍ന്നു. 
 
നിക്ഷേപകരുടെ ഏകദേശനഷ്ടം ഒരുലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് കറന്‍സിയായ യുവാന്‍റെ മൂല്യം കുറഞ്ഞതാണ് ഈ തകര്‍ച്ചയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തില്‍ വലിയ സാമ്പത്തിക മാന്ദ്യത്തിന്‍റെ ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഈ ഇടിവെന്നതും ആ‍ശങ്കയുണര്‍ത്തുന്നതാണ്. രൂപയുടെ വില താഴുകയും സ്വര്‍ണ വില ഉയരുകയും ചെയ്തതും ഇന്ന് ഇന്ത്യയില്‍ ബിസിനസ് രംഗത്ത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
 
വിപണികള്‍ തിരിച്ചെത്തുമെന്നും പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് രഘുറാം രാജനും അറിയിച്ചു. ധനകാര്യ ഓഹരികളിലും ഓട്ടോ, റിയാലിറ്റി, മെറ്റല്‍ ഓഹരികളിലുമാണ് നഷ്ടമേറെയും. ഒഎന്‍ജിസി, വേദാന്ത, കെയിന്‍ ഇന്ത്യ, എസ്ബിഐ, ഹീറോ മോട്ടോര്‍ കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഗെയില്‍ ഇന്ത്യ, പിഎന്‍ബി, സെയില്‍ തുടങ്ങിയ കമ്പനികളെല്ലാം നഷ്ടത്തിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
 
ഏഷ്യന്‍ ഓഹരി വിപണി മൂന്നുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് ഇന്ത്യന്‍ വിപണിയെയും പ്രതികൂലമായി ബാധിച്ചു. ചൈനയെ കേന്ദ്രീകരിച്ച് പുതിയ സാമ്പത്തികമാന്ദ്യം രൂപം കൊള്ളുന്നത് ആഗോളവിപണിയെ ശക്തമായി പിടിച്ചുകുലുക്കുകയാണ്. ചൈനീസ് ഓഹരി വിപണിയില്‍ ഒമ്പത് ശതമാനം നഷ്ടമാണുണ്ടായത്. 
 
2013 സെപ്റ്റംബറിന് ശേഷമുണ്ടായ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് രൂപയുടെ കാര്യത്തിലുണ്ടായത്. തിങ്കളാഴ്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 66.48 ആയിരിക്കുകയാണ്.
 
അന്താരാഷ്ട്രതലത്തില്‍ എണ്ണവിലയില്‍ കുത്തനെയുണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരിവിപണിയെ പടുകുഴിയിലേക്ക് തള്ളിവിട്ടു. ഒരുഘട്ടത്തില്‍ ബ്രന്‍റ് ക്രൂഡ് വില 44.24 ഡോളര്‍ വരെ എത്തി. 1,624.51 പോയന്റ് താഴ്ന്ന് 25741.56ലാണ് സെന്‍സെക്‌സ് തിങ്കളാഴ്ച ക്ലോസ് ചെയ്തിരിക്കുന്നത്. നിഫ്റ്റിയാകട്ടെ 490.95 പോയന്റ് തകര്‍ന്ന് 7809ലും ക്ലോസ് ചെയ്തു.

വെബ്ദുനിയ വായിക്കുക