സെന്‍സെക്സ് 181 പോയിന്‍റ് കൂടി

വ്യാഴം, 17 ഏപ്രില്‍ 2008 (11:05 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ വ്യാഴാഴ്ച രാവിലെ മികച്ച തുടക്കത്തോടെ മുന്നേറ്റം കുറിച്ചു. വ്യാഴാഴ്ച രാവിലെ സെന്‍സെക്സ് 181 പോയിന്‍റ് വര്‍ദ്ധന രേഖപ്പെടുത്തി.

വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 181 പോയിന്‍റ് വര്‍ദ്ധിച്ച് 16,425 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 52 പോയിന്‍റ് വര്‍ദ്ധിച്ച് 4,939 എന്ന നിലയിലേക്കുമുയര്‍ന്നു.

ആഗോള ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ മികച്ച ഉണവിന്‍റ് തുടര്‍ച്ചയാണ് ഏഷ്യന്‍ ഓഹരി വിപണികള്‍ക്കൊപ്പം ആഭ്യന്തര ഓഹരി വിപണികളിലും മുന്നേറ്റം ഉണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഹെവി വെയിറ്റ് ഓഹരികള്‍ ഉള്‍പ്പെടെ മിക്ക കമ്പനികളുടെ ഓഹരികളും വ്യാഴാഴ്ച രാവിലെ മികച്ച മുന്നേറ്റം കുറിച്ചു.

ഇന്‍ഫോസിസ് ടെക്നോളജീസ് ഓഹരി വില 3.8 ശതമാനം വര്‍ദ്ധിച്ച് 1,661 രൂപയായും സത്യം ഓഹരി വില 3 ശതമാനം വര്‍ദ്ധിച്ച് 468 രൂപയായും വിപ്രോ ഓഹരി വില 2 ശതമാനവും വര്‍ദ്ധിച്ചു. അതേ സമയം ടി.സി.എസ് ഓഹരി വില 1.7 ശതമാനം വര്‍ദ്ധിച്ച് 991 രൂപയായി ഉയര്‍ന്നു.

ഡി.എല്‍.എഫ് ഓഹരി വിലയാവട്ടെ 3 ശതമാനം വര്‍ദ്ധനവോടെ 641 രൂപയായും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ ഏകദേശം 2.5 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക