പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ മുഖഛായ തന്നെ മാറും

ബുധന്‍, 19 നവം‌ബര്‍ 2014 (13:31 IST)
ഒരു പത്തുവര്‍ഷം കഴിഞ്ഞൊട്ടെ, പിന്നെ നിങ്ങള്‍ കാണാന്‍ പോകുന്നത് അടിമുടി മിനുങ്ങിയ വികസനക്കുതിപ്പില്‍ പായുന്ന കേരളത്തേയായിരിക്കും. കേരളത്തിലെ രാഷ്ട്രീയക്കാരുടെ സ്വഭാവം കണ്ട് വിശ്വസിക്കാതിരിക്കുന്നവര്‍ക്കായി ഇതാ ചില വിലയിരുത്തലുകള്‍. ഇന്ത്യയുടെ സാമ്പത്തിക ഭൂമിശാസ്ത്രത്തെക്കുറിച്ച് പഠനംനടത്തിയ മകിന്‍സിയുടെ 'ഇന്ത്യാസ് ഇകണോമിക് ജ്യോഗ്രഫി ഇന്‍ 2025' എന്ന റിപ്പോര്‍ട്ടിലാണ് കേരളത്തിലെ നഗരങ്ങള്‍ പത്തുവര്‍ഷത്തിനുള്ളില്‍ ആഗോള നഗരങ്ങളുടെ പട്ടികയിലേക്കുയരുമെന്ന് വ്യക്തമാക്കുന്നത്.

മികച്ച വളര്‍ച്ചാ സാധ്യതയുള്ള രാജ്യത്തെ 49 നഗരങ്ങളില്‍ മൂന്നെണ്ണം കേരളത്തിലാണ്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും. ദ്രുതഗതിയില്‍ സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. വരുംവര്‍ഷങ്ങളില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 6-7 ശതമാനമാകുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങളുടെ മുഖച്ഛായ 2025 ഓടെ അപ്പാടെ മാറുമെന്നാണ് നിരീക്ഷണം.

2025 ആകുമ്പോഴേക്കും രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 52 ശതമാനം വളര്‍ച്ചയും ഈസംസ്ഥാനങ്ങളാണ് സംഭാവന ചെയ്യുക. 49 പ്രധാന മേഖലകളില്‍ 77 ശതമാനം വളര്‍ച്ചയുണ്ടാകും. സംസ്ഥാങ്ങളുടെ വളര്‍ച്ചാതോത് കണക്കാക്കിയാണ് മകിന്‍സി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 77 ശതമാനവും ഈ ക്ലസ്റ്ററുകളുടെ സംഭാവനയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 ഓടെ ഏറ്റവും മികച്ച ആദ്യ നാല് സ്ഥാനങ്ങളിലുള്ള നഗരങ്ങളിലെ ജീവിത നിലവാരത്തില്‍ വന്‍തോതില്‍ മാറ്റമുണ്ടാകുമെന്നും മികച്ച മുന്‍നിര-മധ്യനിര രാജ്യങ്ങളുടെ നിലവാരത്തിലേയ്ക്ക് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷവരുമാനം ഉയരുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വികസനത്തിന്റെ കാര്യത്തില്‍ കൊല്‍ക്കത്ത. ബെംഗളുരു, ഹൈദരാബാദ്, വിശാഘപട്ടണം തുടങ്ങിയവയെയെല്ലാം കേരളത്തിന്റെ മൂന്ന് നഗരങ്ങള്‍ പിന്നിലാക്കിയെന്നതും ശ്രദ്ധേയമാണ്.

അതായത് 2025 ആകുമ്പോള്‍ കേരളത്തിന്റെ 'ലാന്റ്‌സ്‌കേപ്' തന്നെ മാറുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൂട്ടത്തില്‍ മറ്റ് ഏഴ് സംസ്ഥാനങ്ങളും. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാകുന്നതിന്റെ സൂചനകളാണ് റിപ്പോര്‍ട്ടിലുള്ളത്. 2014ലെ ഇന്ത്യയായിരിക്കില്ല 2025ലേതെന്ന് ചുരുക്കം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക