ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുന്നു

ബുധന്‍, 6 ഫെബ്രുവരി 2008 (14:17 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഹ്വാന പ്രകാരം രാജ്യത്തെ പൊതുമേഖലയിലെ പ്രധാന ബാങ്കുകളായ കാനറാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ വിവിധ നിക്ഷേപങ്ങളില്‍ പലിശ നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ മറ്റ് വാണിജ്യ ബാങ്കുകളും പലിശ നിരക്ക് വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുറയ്ക്കുമെന്ന് കരുതുന്നു.

കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി ബാങ്കുകള്‍ വിവിധ വായ്പകളില്‍ ഈടാക്കുന്നതും നിക്ഷേപങ്ങളിലും ഉള്ള പലിശ നിരക്കില്‍ കുറവ് വരുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.

ഭവന നിര്‍മ്മാണ വായ്പകളില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പലിശ നിലവില്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ബാധ്യതയായി തീരുന്ന പ്രവണതയാണ് അടുത്തിടെയായി കാണുന്നത്.

ഇത് മറികടക്കാനും ഈ രംഗത്തേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുമാണ് ബാങ്കുകള്‍ ഇപ്പോള്‍ വായ്പ പലിശ നിര്‍ക്ക് കുറയ്ക്കാന്‍ തയ്യാറായിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പണപ്പെരുപ്പം കുറയ്ക്കാനായാണ് പ്രധാനമായും ബാങ്കുകളിലെ നിക്ഷേപ - വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. ഇത് നന്നായി ഫലം കാണുകയും ചെയ്തു.

പലിശ നിരക്ക് വീണ്ടും പഴയപടി കുറച്ചാല്‍ പണപ്പെരുപ്പനിരക്ക് വീണ്ടും വര്‍ദ്ധിച്ചേക്കും എന്ന സംശയം ഉണ്ടായെങ്കിലും അവസാനം പലിശ നിരക്ക് കുറയ്ക്കാന്‍ തന്നെ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.

അലഹബാദ് ബാങ്ക് നിലവിലെ നിശ്ചിത കാലാവധിക്കുള്ള സ്ഥിരം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഒരു ശതമാനം കണ്ട് കുറച്ചിട്ടുണ്ട്. അതേ സമയം വായ്പകള്‍ക്കുള്ള പലിശ നിരക്കാവട്ടെ 0.50 ശതമാനം മുതല്‍ ഒരു ശതമാനം വരെ വായ്പയുടെ തരമനുസരിച്ച് കുറയ്ക്കാനും തീരുമാനിച്ചു.

അലഹബാദ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ള പുതിയ നിരക്കുകള്‍ ഫെബ്രുവരി പത്ത് മുതല്‍ പ്രാബല്യത്തില്‍ വരും.

ഇതില്‍ ഭവനനിര്‍മ്മാണ വായ്പ, കണ്‍സ്യൂമര്‍ വായ്പകള്‍, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ എന്നിവയാണ് പ്രധാനപ്പെട്ടവ. വിവിധ കാലാവധിയുള്ള ഭവന നിര്‍മ്മാണ വായ്പകള്‍ക്കുള്ള പലിശ നിരക്ക് 0.50 ശതമാനം മുതല്‍ 0.75 ശതമാനം വരെയാണ് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അലഹബാദ് ബാങ്ക് വെളിപ്പെടുത്തി.

കാനറാ ബാങ്കും ഇതേ നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിന്‍റെ മുന്നോടിയായി ഭവന നിര്‍മ്മാണ വായ്പകള്‍ക്കുള്ള പലിശ നിരക്ക് 0.25 ശതമാനം നിരക്കില്‍ വിവിധ കാലാവധികള്‍ക്ക് കുറവ് വരുത്തുന്നുണ്ട്. ഫെബ്രുവരി ഏഴാം തീയതി മുതല്‍ക്കാണ് ഇത് പ്രാബല്യത്തില്‍ വരിക എന്ന് ബാങ്ക് പറയുന്നു.

പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുള്ളതും പുതിയതായി എടുക്കുന്നതുമായ 25 വര്‍ഷം വരെ കാലാവധിയുള്ള എല്ലാ ഭവന വായ്പാ പലിശ നിരക്കുകളിലും കുറവുണ്ടാവും. എന്നാല്‍ ഈ പലിശ കുറവ് ഫ്ലോട്ടിംഗ് നിരക്കില്‍ പലിശ നല്‍കുന്ന വായ്പകളില്‍ മാത്രമാവും ബാധകമാവുക.

പുതുക്കിയ നിരക്കനുസരിച്ച് 20 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് അഞ്ച് വര്‍ഷ കാലാവധിയാണുള്ളതെങ്കില്‍ 10 ശതമാനം പലിശ നിരക്കും 10 വര്‍ഷം കാലാവധിയാണെങ്കില്‍ 10.25 ശതമാനവും പലിശ നല്‍കണം. എന്നാല്‍ 10 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ കാലാവധിയുള്ള വായ്പയ്ക്ക് 10.50 ശതമാനം നിരക്കില്‍ പലിശ നല്‍കണം.

അതേ സമയം 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകളാണെങ്കില്‍ അഞ്ച് വര്‍ഷം വരെ പലിശ നിരക്ക് 10.25 ശതമാനവും 10 വര്‍ഷം വരെ 10.50 ശതമാനവും 10 വര്‍ഷത്തിനു മുകളില്‍ 25 വര്‍ഷം വരെയുള്ള വായ്പയ്ക്ക് 10.75 ശതമാനവും നിരക്കില്‍ പലിശ നല്‍കണം.

കോര്‍പ്പറേഷന്‍ ബാങ്കും ഇതേ നിലപാടാണ് കാനറാ ബാങ്കിന്‍റെ ചുവടു പിടിച്ച് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെല്ലാം തന്നെ തുടക്കമിട്ടത് ഭവന നിര്‍മ്മാണ രംഗത്ത് ഏറ്റവും അധികം വായ്പ നല്‍കുന്ന സ്ഥാപനമായ എച്ച്.ഡി.എഫ്.സി ആണ്. കഴിഞ്ഞ ആഴ്ച തന്നെ പലിശ നിരക്ക് കുറച്ചതായി ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക