ചെരുപ്പ്‌വ്യവസായം: കോഴിക്കോട്കേന്ദ്രമാകുന്നു

വ്യാഴം, 30 ഓഗസ്റ്റ് 2007 (14:14 IST)
സംസ്ഥാനത്തെ ചെരുപ്പ് നിര്‍മ്മാണം കോഴിക്കോട് കേന്ദ്രമായി മാറുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മേഖലയിലെ വിവിധ യൂണിറ്റുകള്‍ ഇപ്പോള്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ ചെരുപ്പ് വ്യവസായം പ്രധാനമായും റബ്ബര്‍, പി.വി.സി എന്നീ ഉല്‍പ്പന്നങ്ങളെ അടിസ്ഥാനമായാണ് കോഴിക്കോട്ട് കേന്ദ്രമാക്കിയിരിക്കുന്നത്. അതേ സമയം പരമ്പരാ‍ഗതമായി ഉപയോഗിച്ചിരുന്ന പ്രധാന ഉല്‍പ്പന്നമായ തുകലിന്‍റെ ലഭ്യത തുലോം കുറവായതും ചെരുപ്പ് നിര്‍മ്മാണത്തില്‍ പി.വി.സി., റബ്ബര്‍ എന്നീ പ്രധാന അസംസ്കൃത സാധനങ്ങള്‍ ഉപയോഗിച്ചുള്ള രൂപകല്‍പ്പനയ്ക്ക് ആധുനിക സാങ്കേതിക വിദ്യ ലഭ്യമായതും കോഴിക്കോട്ട് ഈ മേഖല ഉറയ്ക്കാന്‍ കാരണമായിട്ടുണ്ട്.

രാജ്യത്തെ ചെരുപ്പ് നിര്‍മ്മാണ വിപണന മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ ഡല്‍‌ഹി, പഞ്ചാബ് എന്നീ കേന്ദ്രങ്ങള്‍ക്ക് പിന്നിലായിട്ടായിരുന്നു എല്ലായ്പ്പോഴും കോഴിക്കോട് ഇടം പിടിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ ഉണ്ടാവുന്ന പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ ഇവിടത്തെ സംരംഭകര്‍ കാണിക്കുന്ന ഉത്സാഹവും പ്രാഗദ്ഭ്യവും കാരണം അടുത്ത കാലത്തായി കോഴിക്കോടിനെ ഈ രംഗത്ത് ഒട്ടേറെ മുന്നിലെത്തിച്ചിരിക്കുകയാണ്.

അതുപോലെ തന്നെ വിദേശത്തേക്ക്, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക്, കയറ്റുമതി ചെയ്യുന്നതിന് കോഴിക്കോട്ടു നിന്നുള്ള സൌകര്യവും ഇവിടെ ചെരുപ്പ് നിര്‍മ്മാണം കേന്ദ്രീകരിക്കാന്‍ മറ്റൊരു കാരണമായിട്ടുണ്ട്.
നിലവില്‍ കോഴിക്കോട്ട് റബ്ബര്‍ പ്രധാന അസംസ്കൃത വസ്തുവാക്കി ചെരുപ്പ് നിര്‍മ്മിക്കുന്ന 40 ഓളം നിര്‍മ്മാതാക്കളും പി.വി.സി പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന 150 ഓളം നിര്‍മ്മാതാക്കളും ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഈ രംഗത്തെ വളര്‍ച്ചയ്ക്ക് മറ്റൊരു പ്രധാന കാരണം ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍ക്കുള്ള യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ സേവന കേന്ദ്രങ്ങള്‍ അടുത്തിടെ ഇവിടെ ആരംഭിച്ചതും കോഴിക്കോടിന് മറ്റൊരു അനുഗ്രഹമായിട്ടുണ്ട്.

കോഴിക്കോട് കേന്ദ്രമായുണ്ടായിരുന്ന നിരവധി തീപ്പെട്ടി നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടിയതോടെ തൊഴില്‍ നഷ്ടപ്പെട്ട നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ മറ്റൊരു മേഖല ലഭ്യമാവുകയും ചെയ്തു. ഈ യൂണിറ്റുകളെല്ലാം തന്നെ ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകളാവുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക