എയര്‍ ഇന്ത്യയുടെ പഴക്കം ചെന്ന ബോയിംഗ് വിമാനങ്ങള്‍ക്ക് ശാപമോക്ഷം ലഭിക്കുന്നു. എയര്‍ ഇന്ത്യയുടെ ആറ് ബോയിംഗ് 747 വിമാനങ്ങളെ അടിമുടി നവീകരിക്കുന്നതിനായി 300 കോടി രൂപയാണ് ചെലവിട്ടത്.
പഴഞ്ചന്‍ സീറ്റെല്ലാം മാറ്റി പുതിയവ ഉറപ്പിച്ചു. ടോയിലറ്റ്, മറ്റ് ഭാഗങ്ങള്‍ എല്ലാം തന്നെ തീര്‍ത്തും മാറ്റി പുതുപുത്തനാക്കി. വിമാനത്തിലെ ക്ളബ്ബ്, ഫാസ്റ്റ് ക്ളാസ് സീറ്റുകള്‍ എന്നിവ രണ്ട് വര്‍ഷം മുമ്പ് തന്നെ മാറ്റിയിരുന്നു.
ഇത്തരത്തില്‍ പുതുക്കിയ വിമാനങ്ങളിലെ ആദ്യത്തേത് അടുത്ത വെള്ളിയാഴ്ചയോടെ സര്‍വീസിനു തയാറാകും. വ്യാഴാഴ്ച വിമാനത്തിന്‍റെ പരിശീലന പറക്കല്‍ നടക്കും. മറ്റ് അഞ്ച് വിമാനങ്ങളുടെയും പുതുക്കല്‍ നടപടി ഈ വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാകും.
എയര്‍ ഇന്ത്യ അടുത്തുതന്നെ ഒരു ബിസിനസ് ചാനലും ഒരു മാസികയും തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായും കമ്പനി വെളിപ്പെടുത്തി.