ധവാന്‍ ഓഫ് സൈഡിലെ ഫീല്‍ഡര്‍മാരുടെ പേടിസ്വപ്‌നമെന്ന്, ഏതു നിമിഷവും അവര്‍ക്ക് ക്യാച്ച് ലഭിച്ചേക്കാം; ഇന്ത്യന്‍ ഓപ്പണര്‍ എന്താണ് കാണിക്കുന്നത് ?
ചൊവ്വ, 19 ഏപ്രില്‍ 2016 (16:46 IST)
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐപിഎല്ലിലും പരാജയമായി തുടരുന്നു. ഏഷ്യാകപ്പിലും തുടര്‍ന്നു നടന്ന ട്വന്റി-20 ലോകകപ്പിലും നിരാശയായി തീര്‍ന്ന ധവാന്‍ സണ്‍റൈസസ് ഹൈദ്രബാദിനായി റണ്ണെടുക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഈ സീസണില്‍ ഹൈദ്രാബാദിന്റെ മൂന്ന് മത്സരം കഴിയുമ്പോള്‍ വെറും 16 റണ്‍സാണ് ധവാന് ആകെ നേടാനായതെന്നാണ് പ്രത്യകത.
ഏഷ്യാകപ്പില്‍ അമ്പേപരാജയമായിരുന്ന ധവാന്റെ ഫോം ലോകകപ്പില്‍ പ്രശ്‌നമാകുമെന്ന് ആരാധകര്‍ കരുതിയതു പോലെ സംഭവിച്ചു. ന്യൂസിലന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയും ധവാന്‍ പരാജയപ്പെട്ടപ്പോഴും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി അദ്ദേഹത്തിലുള്ള വിശ്വാസം കാത്തു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും ധവാന്‍ പരാജയപ്പെട്ടപ്പോള്‍ സെമിഫൈനലില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് പകരം അജിങ്ക്യ രഹാനെയെ ഇറക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെ നേടിയ 23 റണ്‍സായിരുന്നു ധവാന്റെ ടോപ് സ്‌കോര്‍.
തുടര്‍ന്ന് ഐപിഎല്ലില്‍ എത്തിയപ്പോഴും ധവാന്‍ പരാജയമാകുകയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ടീം സൗത്തി ധവാന്റെ കുറ്റി പിഴുതെടുക്കുകയായിരുന്നു. സൗത്തിയുടെ പന്ത് പ്രതിരോധിക്കാനാകാതെ പിച്ചിലേക്ക് വീണ ധവാന്‍ പരിഹാസനാകുകയും ചെയ്‌തു. രണ്ട് റണ്‍സാണ് ധവാന്റെ മത്സരത്തിലെ സംഭാവന.
ഐ പി എല്ലില്‍ പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ധവാന്റെ മടക്കവും സ്ഥാനവും പ്രതിസന്ധിയിലാകും. അതിനിടെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഇറങ്ങുന്നുണ്ട്. ഓഫ് സൈഡിലെ ഫീല്‍ഡര്‍മാരുടെ പേടിസ്വപ്‌നമെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്, എപ്പോള്‍ വേണമെങ്കിലും ഈ ഫീല്‍ഡര്‍മാര്‍ക്ക് ക്യാച്ച് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് ട്രോളുകള്‍ പറയുന്നത്.