കിരീടം ചൂടിയതിന് പിന്നാലെ ഇങ്ങനെയൊരു കമന്റ്; ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി ഫെഡറര്‍

തിങ്കള്‍, 30 ജനുവരി 2017 (13:46 IST)
ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നിരാശ പകരുന്ന പ്രസ്‌താവനയുമായി റോജർ ഫെഡറർ. അന്താരാഷ്‌ട്ര ടെന്നീസില്‍ നിന്ന് വിരമിക്കുന്ന സൂചന നല്‍കിയ സ്വിറ്റ്സർലൻഡ് താരത്തിന്റെ വാക്കുകളാണ് ആരാധകരെ ഞെട്ടിച്ചത്.

കരിയറിലെ 18-മത് ഗ്രാൻസ്ലാം നേടിയ ശേഷം കാണികളോടു സംസാരിക്കവേയാണ് സ്വിറ്റ്സർലൻഡ് താരം വിരമിക്കലിനെ കുറിച്ച് സൂചന നൽകിയത്. 'അടുത്തവർഷവും നിങ്ങളെ കാണാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ അതിനു സാധിച്ചില്ലെങ്കിൽ ഇതൊരു അവിസ്‌മരണീയ വർഷമാകും. ഇന്നുരാത്രി എനിക്ക് സന്തോഷിക്കാതെ ഇരിക്കാൻ സാധിക്കില്ലെന്നും’ ഫെഡറർ പറഞ്ഞു.

സ്‌പാനിഷ് വമ്പന്‍ റാഫേൽ നദാലിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്. 2012ലെ വിംബിൾഡണുശേഷം ആദ്യമായാണ് 35കാരനായ ഫെഡറർ ഒരു ഗ്രാൻസ്ലാമിൽ മുത്തമിടുന്നത്.

വെബ്ദുനിയ വായിക്കുക