പ്രതീക്ഷിച്ചതു പോലെ തന്നെ കേരളം നീന്തല്‍ക്കുളത്തില്‍ നിന്ന് സ്വര്‍ണ്ണം വാരി. അതുകൊണ്ടു തന്നെ മെഡല്‍ വേട്ടയില്‍ ഒന്നാം നീന്തല്‍ താരങ്ങളുടെ കരുത്തില്‍ കേരളം മൂന്നാം സ്ഥാനത്തെത്തി. എന്നാല്‍ ഗെയിംസിന്റെ രണ്ടാംദിനം അവസാനിക്കാന്‍ തുടങ്ങുമ്പോള്‍ കേരളത്തിന്റെ പ്രകടനം പ്രതീക്ഷിച്ചതുപൊലെ ഉയര്‍ന്നോ എന്ന് സംശയം. ഇന്നു നടന്ന തുഴച്ചില്‍ മത്സരങ്ങളും ഷൂട്ടിംഗ് മത്സരങ്ങളും കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നവയായിരുന്നു. എന്നാല്‍ ഷൂട്ടിംഗില്‍ കേരളത്തിന്റെ താരങ്ങള്‍ പുറത്തായത് കേരളത്തിനു തിരിച്ചടിയായി.
ഷൂട്ടിംഗില്‍ മലയാളിതാരങ്ങള്‍ക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാനായില്ല. പങ്കെടുത്ത മൂന്നു താരങ്ങളും ഫൈനല്‍ കാണാതെ പുറത്തായി. ജെ ആന്റണി 28ആമതും അനൂപ് 25ആമതും പി നിരഞ്ജന്‍ 35ആമതുമാണ് ഫിനിഷ് ചെയ്തത്. അതേസമയം റോവിംഗില്‍ പുരുഷന്മാരുടെ കോക്‌സ്‌ലെസ് ഫോറില്‍ സര്‍വീസസ് സ്വര്‍ണവും കര്‍ണാടകം വെള്ളിയും ഡല്‍ഹി വെങ്കലവും നേടി. കേരളം അഞ്ചാമതാണ് എത്തിയത്.
വനിതകളുടെ റോവിങ് ഡബിള്‍ സ്‌കളില്‍ കേരള ടീം ഫൈനലില്‍ പ്രവേശിച്ചത് ആശ്വാസം തരികയും ചെയ്തു. 100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ കേരള ടീം ഫൈനലില്‍ കടന്നത് മെഡല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്. റോവിങ് വനിതകളുടെ കോക്‌സ്‌ലെസ് ഫോറില്‍ കേരളത്തിന് സ്വര്‍ണ നേട്ടമുണ്ടാക്കിയത് ചിപ്പി കുര്യന്‍ , ഹണി ജോസഫ്, നിമ്മി തോമസ്, നിത്യ ജോസഫ് എന്നിവരടങ്ങുന്ന ടീമാണ്. പിന്നാലെ റോവിങ്ങില്‍ കേരളത്തിന് മൂന്നു വെള്ളി ലഭിച്ചതും ആവേശം ജ്വലിപ്പിച്ചു. സിംഗിള്‍ സ്കളില്‍ ഡിറ്റിമോള്‍ വര്‍ഗീസും വനിതകളുടെ കോക്‌സ്‌ലെസ് പെയറില്‍ ഹണി ജോസഫും നിമ്മി തോമസും വെള്ളി നേടി. അതേസമയം, സുവര്‍ണ്ണ പ്രതീക്ഷയുണ്ടായിരുന്ന വനിതാഗുസ്തിയില്‍ അഞ്ജുമോള്‍ സെമിയില്‍ തോറ്റു. അഞ്ജുവിന് വെങ്കലം ലഭിക്കും.
അമ്പെയ്ത്ത്, ബീച്ച് ഹാന്‍ഡ് ബോള്‍ , ബീച്ച് വോളിബോള്‍ , ഫുട്ബോള്‍ ,ജിംനാസ്റ്റിക്, ഹോക്കി, ലോണ്‍ ബോള്‍സ്, ഖൊ ഖൊ, നെറ്റ്‌ബോള്‍ , സ്ക്വാഷ്, ടെന്നീസ്, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയ മത്സരങ്ങളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു, എങ്കിലും, നെറ്റ്ബോള്‍ മത്സത്തിലാണ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ കേരളത്തിനായത്. നെറ്റ്‌ബോള്‍ മത്സരത്തില്‍ ആദ്യം തന്നെ ഉത്തരേന്ത്യന്‍ താരങ്ങളേക്കാള്‍ കഴിവ് പ്രകടിപ്പിക്കാന്‍ കേരളത്തിനു സാധിച്ചത് ശുഭപ്രതീക്ഷ നല്‍കുന്നു. കേരളം യുപിയെ തോല്‍പിച്ചാണ് ഫൈനലില്‍ കടന്നത്.
ഫുട്‌ബോളിലും ഹോക്കിയിലും ആദ്യ മത്സരങ്ങള്‍ ജയിച്ചതും കേരളത്തിന് സന്തോഷിക്കാന്‍ വക നല്‍കുന്നു. തുടക്കത്തിലേ മുന്‍തൂക്കം നേടാന്‍ സാധിച്ചെങ്കിലും കരുത്തന്മാരെ നേരിടുമ്പോള്‍ പ്രകടനം നിലനിര്‍ത്തുന്നതിലാണ് കാര്യം. കേരളത്തിനെ മൂന്നാമതെത്തിച്ച രണ്ട് സ്വര്‍ണമടക്കം അഞ്ച് മെഡലുകളും നീന്തല്‍ക്കുളത്തില്‍ നിന്നാണ് കേരളം നേടിയത്. അതേസമയം, ഷൂട്ടിംഗ് മത്സരങ്ങള്‍ നിരാശപ്പെടുത്തി.
ആദ്യമായാണ് കേരളം എല്ലാ ഇനങ്ങളിലും മത്സരിക്കുന്നത്. ആതിഥേയര്‍ ആയതിനാലാണ് എല്ലാ ഇനത്തിലും മത്സരിക്കാന്‍ കേരളത്തിന് കഴിയുന്നത്. അതിനാല്‍ തന്നെ, പകുതിയോളം ഇനങ്ങളില്‍ മത്സരപരിചയമില്ല എന്നത് ഒരു പോരായ്മയാണ്. പക്ഷേ, മെച്ചപ്പെട്ട പരിശീലനം തന്നെയാണ് താരങ്ങള്‍ക്ക് ലഭിച്ചിരുന്നത്. എങ്കിലും, കേരളം മത്സരിക്കേണ്ടത് അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം ലഭിച്ചവരോടാണ് എന്ന കാര്യം പലപ്പോഴും മറന്നുപോകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദേശീയഗെയിംസ്.
കേരളം ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടി വരിക ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളോടാണ് എന്ന് ‘വെബ്‌ദുനിയ’ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കാരണം കേരളം മത്സരിക്കുന്ന ഇനങ്ങളില്‍ അധികവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍തൂക്കമുള്ളവയാണ് എന്നതു തന്നെ കാരണം.
അതേസമയം ഗെയിംസ് വില്ലേജിന്റെ കാര്യത്തില്‍ ഗെയിംസിന്റെ സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. ത്രീ സ്റ്റാര്‍ സൌകര്യങ്ങളുള്ള കോട്ടേജുകളാണ് താരങ്ങള്‍ക്കായി സംഘാടകര്‍ ഒരുക്കിയത്. എല്ലാ മുറികളിലും എയര്‍ കണ്ടീഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് ദേശീയ ഗെയിംസിന് ഇത്തരം സൌകര്യം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ അതിന്റെ ശോഭ കെടുത്തുന്ന രീതിയില്‍ വില്ലേജില്‍ ജലക്ഷാമമുണ്ടായതും പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നതും ആശാസ്യമല്ല. അതേസമയം വില്ലേജിനെ പരിസ്ഥിതി സൌഹൃദമാക്കാന്‍ സംഘാടകര്‍ ഏറെ ശ്രദ്ധിച്ചു എന്നതും പ്രശംസനീയമായ കാര്യമാണ്.