ദേശീയ ഗെയിംസ് അതിന്റെ നാലാം ദിവസവും പിന്നിടുമ്പോള്‍ കേരളം പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഓളപ്പരപ്പില്‍ നിന്നു മാത്രം മെഡലുകള്‍ കൂടുതല്‍ ലഭിക്കുന്നത് കായിക കേരത്തിന്റെ ദൌര്‍ബല്യം എടുത്തു കാണിക്കുന്നുമുണ്ട്. കേരളത്തിന് ഈ ദേശീയ ഗെയിംസില്‍ ഒരു സുവര്‍ണ്ണ മത്സ്യത്തേയാണ് ലഭിച്ചത്. സാജന്‍ പ്രകാശ് എന്ന സ്വര്‍ണ്ണവേട്ടക്കാരനെ. കേരളത്തിനു ലഭിച്ച ഏഴു സ്വര്‍ണ്ണങ്ങളില്‍ നാലും സാജന്റെ സംഭാവനകളായിരുന്നു.
പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്‌ട്രോക്കിലാണ് പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ച് സാജന്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. ഗെയിംസിലെ സാജന്റെ നാലാം സ്വര്‍ണമാണിത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 2:0069 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാജന്‍ നാലാം സ്വര്‍ണം നേടിയത്.
100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നിവയില്‍ വ്യക്തിഗത സ്വര്‍ണം നേടിയ സാജന്‍ 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. ഇതിന് പുറമെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും നേടിയിരുന്നു സാജന്‍. റോവിങ്ങിലാണ് ഇനി കേരളത്തിന്റെ അടുത്ത പ്രതീക്ഷ. കേരളത്തിന്റെ നാല് ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചതോടെ മെഡല്‍ സാധ്യതയും ഉറപ്പിച്ചിട്ടുണ്ട്.
ഇന്ന് കേരളത്തിന് ലഭിച്ച മെഡല്‍ നേട്ടങ്ങള്‍ ഇവയാണ് റിലേ നീന്തലില്‍ വെള്ളി, ജിംസാസ്റ്റിക്‌സില്‍ സിനോജിന്റെ വെങ്കലം, ബീച്ച് വോളിയിലെ വെങ്കലം എന്നിവയാണ്. കെ.എ. സഹാന, ഇ. അശ്വതി എന്നിവരടങ്ങിയ കേരളത്തിന്റെ രണ്ടാമത്തെ ടീം സെമിയില്‍ പരാജയപ്പെട്ടതാണ് നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. അതേസമയം ദേശീയ ഗെയിംസ് വനിതകളുടെ ബീച്ച് വോളിയില്‍ കേരള ടീം ഫൈനലില്‍ പ്രവേശിച്ചു. സോണിയ ശശി, പി.വി.ജിഷ എന്നിവരടങ്ങുന്ന ടീമാണ് ഫൈനലിലെത്തിയത്. സെമിയില്‍ തമിഴ്‌നാടിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
ദേശീയ ഗെയിംസ് പുരുഷന്മാരുടെ ഹോക്കിയില്‍ കേരളം പുറത്താകുമെന്ന് ഉറപ്പായിരുന്നു. ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് കേരളത്തിന്റെ നില പരുങ്ങലിലായത്. രണ്ടാമത്തെ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു കേരളത്തിന്റെ തോല്‍വി. ഇന്ന് യുപിയോട് തോറ്റ് പിന്‍വാങ്ങിയതോടെ പുറത്താകല്‍ പൂര്‍ണ്ണമായി. അതേസമയം വനിതാ ടെന്നീസില്‍ കേരളത്തിന്റെ താരങ്ങള്‍ മെഡല്‍ ഉറപ്പിച്ചത് നേട്ടമായി. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ തന്നെ ആദ്യമായി ടെന്നീസില്‍ കേരളം വെങ്കലം നേടിയിരുന്നു. അതിനു പിന്നാലെയാണ് അടുത്ത മെഡല്‍ വരാന്‍ പോകുന്നത്.