കളിമണ്‍ കോര്‍ട്ട് റെഡി; ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഞായര്‍, 24 മെയ് 2015 (13:35 IST)
കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനേയും രാജകുമാരിയേയും കണ്ടെത്താനുള്ള ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന് ഇന്ന് പാരീസില്‍ തുടക്കം. നൊവാക് ജോക്കോവിച്ചും സെറീന വില്യംസുമാണ് ടോപ് സീഡുകള്‍. കരുത്തരായ റാഫേല്‍ നഡാല്‍, ആന്‍ഡി മുറേ, റോജര്‍ ഫെഡറര്‍, കെയ് നിഷിക്കോരി എന്നിവര്‍ പോരിനിറങ്ങുബോള്‍ ഫ്രഞ്ച് ഓപ്പണില്‍ തീ പാറുമെന്ന് ഉറപ്പാണ്. വനിതാ ഫൈനല്‍ അടുത്ത മാസം ആറിനും പുരുഷ ഫൈനല്‍ ഏഴിനും നടക്കും
 
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒമ്പത് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ നഡാലിനെ വലയ്‌ക്കുന്നത് പരുക്കും മോശം ഫോമുമാണ്. ഈ കളിമണ്‍ കോര്‍ട്ട് സീസണില്‍ നഡാല്‍ അഞ്ച്തവണ തോറ്റുകഴിഞ്ഞു. മികച്ച ഫോം തുടരുന്ന ജോക്കോവിച്ചിനും മുറേയ്‌ക്കുമാണ് എല്ലാവരും സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം ഫ്രഞ്ച് ഓപ്പണില്‍ നഡാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീ‍ക്ഷിക്കുന്നവരും കുറവല്ല. 2009ലെ ചാംപ്യനായ റോജര്‍ ഫെഡറര്‍, ജാപ്പനീസ് താരവും അഞ്ചാം സീഡുമായ കെയ് നിഷിക്കോരി എന്നിവര്‍ക്ക് ആദ്യദിനം മത്സരമുണ്ട്. 
 
വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവ, സെറീന വില്ല്യംസ്, സിമോണ ഹാലെപ്പ്, അനാ ഇവാനോവിച്ച് എന്നിവരും പോരിനിറങ്ങും. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ സിമോണ ഹാലെപ്പ്, അനാ ഇവാനോവിച്ച് എന്നിവര്‍ ഇന്ന് ആദ്യ റൗണ്ടിലിറങ്ങും. സിംഗിള്‍സില്‍ ഇന്ത്യന്‍ സാനിധ്യമില്ല. വനിതാ റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിന്റെ തിളക്കവുമായി എത്തുന്ന സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസനൊപ്പം കീരീടം നേടാമെന്ന് പ്രതീക്ഷയിലാണ്. പുരുഷ ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക