സ്പോർട്സിൽ പിഴവുകളുണ്ടാകും, ഗുകേഷിനെതിരെ ലിറൻ മനപൂർവം തോറ്റെന്ന റഷ്യയുടെ ആരോപണം തള്ളി ഫിഡെ

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (19:23 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി ഗുകേഷിനോട് എതിരാളിയായ ചൈനീസ് താര ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തെന്ന് റഷ്യന്‍ ആരോപണം തള്ളി രാജ്യാന്തര ചെസ് ഫെഡറേഷന്‍. കായിക മത്സരങ്ങളില്‍ പിഴവ് വരികയെന്നത് സ്വാഭാവികമാണെന്നും സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ വരുത്തുന്ന പിഴവുകളുടെ പേരില്‍ ലോകനിലവാരമുള്ള കളിക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടരുതെന്നും ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി ഡോര്‍ക്കോവിച്ച് പറഞ്ഞു. മത്സരത്തിന് നിലവാരമില്ലായിരുന്നുവെന്ന വിമര്‍ശനങ്ങളെയും ഡോര്‍ക്കോവിച്ച് തള്ളികളഞ്ഞു.
 
നേരത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗുകേഷ് വിജയിയായതിന് പിന്നാലെ ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രേ ഫിലോത്തോവ് രംഗത്ത് വന്നിരുന്നു. ഡിങ് ലിറന്‍ മനപൂര്‍വമായി തോറ്റതായാണ് തോന്നുന്നതെന്നും വിഷയത്തില്‍ ഫിഡെ അന്വേഷണം നടത്തണമെന്നുമായിരുന്നു റഷ്യന്‍ ചെസ് ഫെഡറേഷന്റെ ആവശ്യം. ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ വെള്ളക്കരുക്കളുമായി കളിച്ച ഡിങ് ലിറനായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം എന്നാല്‍ മത്സരത്തില്‍ വമ്പന്‍ അബദ്ധം നടത്തിയ ലിറന്റെ നീക്കത്തെ ഗുകേഷ് മുതലെടുക്കുകയായിരുന്നു. ഇതോടെയാണ് ചൈനീസ് താരത്തിനെതിരെ റഷ്യ വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍