ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുടെ സമരം ഒത്തുതീര്‍പ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ
സമരം അന്താരാഷ്ട്ര തലത്തിലടക്കം ചര്‍ച്ചയായതിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് കേന്ദ്രം മുന്‍കൈയെടുത്ത് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി ഗുസ്തിതാരങ്ങള്‍ രംഗത്തെത്തിയത്. അസോസിയേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമാണ് സമരം ചെയ്യുന്ന താരങ്ങളുടെ ആവശ്യം. പോലീസില്‍ പരാതി നല്‍കിയിട്ടും ബ്രിജ് ഭൂഷണെതിരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
എന്നാല്‍ ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകിയതോടെ വിനേഷ് ഫോഗാട്ട്,സാക്ഷി മാലിക്,ബജ്‌റംഗ് പുനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ പ്രതിഷേധവുമായെത്തി. മെയ് 28ന് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഗുസ്തിതാരങ്ങളെ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വേദിയില്‍ രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷിമാലിക് അടക്കമുള്ള താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങുകയും രാജ്യമൊന്നാകെ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കുകയുമായിരുന്നു. ഇതോടെയാണ് വിഷയത്തില്‍ കേന്ദ്രം പ്രതിരോധത്തിലായത്.