ഒളിംപിക്‌സ് ദീപം തെളിയിച്ചത് വാന്‍ഡര്‍ലീ ലിമ; ചരിത്രനിയോഗം നെഞ്ചേറ്റിയ വാന്‍ഡര്‍ലീ ലിമ ബ്രസീലുകാര്‍ക്ക് മുത്താണ്

ശനി, 6 ഓഗസ്റ്റ് 2016 (12:56 IST)
മുപ്പത്തിയൊന്നാമത് ഒളിംപിക്സിന് ബ്രസീല്‍ താരം വാന്‍ഡര്‍ലീ ലിമ ഒളിംപിക്  ദീപം തെളിയിച്ചു. ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ പേര്‌ ആയിരുന്നു ദീപം തെളിയിക്കുന്നതിനായി ആദ്യം കേട്ടിരുന്നത്. എന്നാല്‍, അവസാനനിമിഷം ഇതിഹാസ താരം പിന്മാറുകയായിരുന്നു. എന്നാല്‍, പിന്നീട് പല പേരും കേട്ടെങ്കിലും വാന്‍ഡര്‍ലീ ലിമയ്ക്ക് ആണ് നറുക്ക് വീണത്.
 
ഏപ്രില്‍ 27ന് ആരംഭിച്ച ഒളിംപിക്‌സ് ദീപശിഖാ പ്രയാണത്തിന് ഇതോടെ അര്‍ത്ഥവത്തായ പരിസമാപ്‌തി നല്കാന്‍ ബ്രസീലിന് കഴിഞ്ഞു. ദീപശിഖയുമായി മാരക്കാനയില്‍ എത്തിയ ഗുസ്താവോ തന്നെയായിരിക്കും ദീപശിഖ തെളിയിക്കുകയെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടലുകൾ.
 
എന്നാല്‍, ഇത് തെറ്റിച്ചായിരുന്നു ബ്രസീലിന്‍റെ ബാസ്കറ്റ് ബോൾ താരം ഗുഗായ്ക്ക് ദീപശിഖ കൈമാറിയത്. ഗുഗായിൽ നിന്നും ദീപശിഖയേന്തിയ ലിമ ഒളിംപിക്സ് ദീപം തെളിയിച്ച് ലോകത്തിന് പോരാട്ടത്തിന്‍റെ സന്ദേശം നൽകുകയായിരുന്നു.
 
2004ലെ ഏതൻസ് ഒളിംപിക്സില്‍ മാരത്തോണ്‍ വിഭാഗത്തില്‍ ബ്രസീലിനായി സ്വര്‍ണം നേടുമെന്ന് ഉറപ്പിച്ചിരുന്ന താരമായിരുന്നു വാന്‍ഡര്‍ലീ. എന്നാല്‍, ഫിനിഷിങ് ലൈനിന് തൊട്ടുമുമ്പ് കാണികളില്‍ ഒരാള്‍ ലിമയുടെ ഓട്ടത്തെ തടസപ്പെടുത്തി. എന്നാലും തളരാതെ ഓടിയ ലിമ ബ്രസീലിനായി വെങ്കലം നേടുകയും ചെയ്തു.
 
പോരാട്ടവീര്യം കൊണ്ട് പുതിയ ചരിത്രം കുറിച്ച വാൻഡർലീ ലിമയാണ് ദീപശിഖ തെളിയിക്കാൻ അർഹനെന്ന് ലോകത്തിന് ബോധ്യമാകാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം.

വെബ്ദുനിയ വായിക്കുക