ഹോക്കി: തിര്‍ക്കി വിട്ടുനില്‍ക്കും

Webdunia
ശനി, 22 മാര്‍ച്ച് 2008 (13:37 IST)
ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിലെ നാണം കെട്ട പരാജയങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി താരം ദിലീപ് തിര്‍ക്കി മൂന്നു മാസക്കാലം കളിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. മുട്ടിനേറ്റ പരിക്കാണ് ഇതിനു കാരണമെന്ന് തിര്‍ക്കി പറഞ്ഞു.

തത്കാലം വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റ് കെ.പി.എസ്.ഗില്ലിനോട് അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ ഗില്‍ ഇത് സമ്മതിക്കുമോ എന്ന് തീര്‍ച്ചയില്ല. വിട്ടുനില്‍ക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ തിര്‍ക്കി ഉണ്ടാവില്ല. ഓസീസിനെ കൂടാതെ കൊറിയ, ചൈന എന്നിവരാണ് മറ്റ് ടീമുകള്‍.

ഇത് കൂടാതെ വരുന്ന ജൂണില്‍ ജര്‍മ്മനിയിലെ ഡബ്ലിനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്‍റില്‍ ഇന്ത്യ പങ്കെടുക്കുമ്പോഴും തിര്‍ക്കി ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ അനുഭവ സമ്പത്ത് ഏറെയുള്ള തിര്‍ക്കിയെ ഒഴിവാക്കാന്‍ ഗില്‍ തയ്യാറാവില്ലെന്നാണ് കരുതുന്നത്.