ഹോക്കി: ഇന്ത്യയ്ക്ക് തോല്‍‌വി

Webdunia
വെള്ളി, 23 ജനുവരി 2009 (09:57 IST)
അര്‍ജന്‍റീനക്കെതിരായ ഹോക്കി പരമ്പരയുടെ മുന്നാം മല്‍‌സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആദ്യ രണ്ട് മല്‍‌സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ കൈവന്ന അവസരങ്ങള്‍ ഒന്നൊന്നായ് തുലച്ച് തോല്‍വി വഴങ്ങുകയായിരുന്നു.

ഇന്നലെ നടന്ന മല്‍‌സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരജയപ്പെട്ടത്. ആദ്യ പകുതിയിലായിരുന്നു അര്‍ജന്‍റീനയുടെ രണ്ടു ഗോളുകളും. മത്യാസ് പരദേസ്, ലൂക്കാസ് വില എന്നിവരാണ് ഗോള്‍ നേടിയത്. അതേസമയം മൂന്നു സുവര്‍ണാവസരങ്ങള്‍ കളഞ്ഞാണ് ഇന്ത്യ ലീഡും തോല്‍വിയും വഴങ്ങിയത്. രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് നാലോളം ഗോളവസരങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒന്നും ലക്‍ഷ്യത്തിലെത്തിക്കാനായില്ല.

എന്നാല്‍ ഇന്ത്യന്‍ പിഴവുകള്‍ സമര്‍ത്ഥമായി മുതലെടുക്കാന്‍ അര്‍ജന്‍റീനയ്ക്കായി. നാലു മല്‍‌സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിട്ടു നില്ക്കയാണ്.