സാമ്പത്തിക ബാധ്യത: നായനാര്‍ സ്മാരക ഫുട്ബോള്‍ ഉപേക്ഷിക്കുന്നു?

ബുധന്‍, 27 മാര്‍ച്ച് 2013 (10:36 IST)
PRO
ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിച്ച് പലപ്പോഴും വിവാദങ്ങളുടെയും കാരണമായ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്‌ബോളിന് താല്‍ക്കാലികമായി തിരശീല വീഴുന്നുവെന്ന് സൂചന.

ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലുണ്ടായ സാമ്പത്തിക ബാധ്യതയാണ് കപ്പ് ഉപേക്ഷിക്കാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കുന്നത്. സിപിഎം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ഭാഗമായി കഴിഞ്ഞതവണ കോഴിക്കോട്ടാണ് നായനാര്‍ കപ്പ് നടന്നത്.

സിഐടിയു ദേശീയ സമ്മേളനം കണ്ണൂരിലായിട്ടും ടൂര്‍ണമെന്‍റ് പാര്‍ട്ടി ഉപേക്ഷിച്ചു. 2007-ലാണ് നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്‌ബോള്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പ് നടന്ന രണ്ടുതവണ മാത്രമാണ് കളിമുടക്കിയത്. വിദേശ ടീമുകളെ പങ്കെടുപ്പിക്കുന്ന രീതി സാമ്പത്തികബാധ്യത മൂലം കഴിഞ്ഞതവണതന്നെ പാര്‍ട്ടി ഉപേക്ഷിച്ചിരുന്നു.

വിവാദങ്ങള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും കേരളത്തില്‍ മികച്ച രീതിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച കഴിഞ്ഞ ഏക പാര്‍ട്ടി സിപിഎമ്മാണ്. ഫാരിസ് അബുബക്കറില്‍ നിന്നും ലക്ഷക്കണക്കിനു രൂപ സംഭാവന വങ്ങിയാണ് ടൂര്‍ണമെന്‍റ് ആരംഭിച്ചത്.

കണ്ണൂരില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ടിക്കറ്റുകള്‍ മദ്യക്കടയില്‍ നിന്നും ലഭിച്ചിരുന്നത്‌ വന്‍വിവാദമായിരുന്നു. രണ്ട്‌ കുപ്പി സ്ട്രോംഗ്‌ ബിയറിന്‌ ഒരു ടിക്കറ്റ്‌ ഫ്രീ എന്ന പോസ്റ്ററുകള്‍ പതിച്ചതോടെ നായനാരുടെ ഭാര്യ ശാരദ ടീര്‍ച്ചര്‍ക്ക്‌ പ്രശ്നത്തിലിടപെടേണ്ടിവന്നു.

വെബ്ദുനിയ വായിക്കുക