ഷൂട്ടിംഗ് ഉപേക്ഷിക്കുകയാണെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിന്ദ്ര ഇക്കാര്യം വിശദീകരിച്ചത്. ഷൂട്ടിംഗ് അസോസിയേഷന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ബിന്ദ്ര കായികരംഗം വിടുന്നു എന്ന വാര്‍ത്ത പരന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിന്ദ്രയുടെ മറുപടി.
ഷൂട്ടിംഗ് രംഗത്ത് തുടരാന്‍ അസോസിയേഷനില്‍ നിന്ന് തനിക്ക് പ്രചോദനമൊന്നുമില്ലെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബിന്ദ്ര വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിന്ദ്ര ഷൂട്ടിംഗ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ ഷൂട്ടിംഗ് ഉപേക്ഷിക്കുന്നതായി താന്‍ പറഞ്ഞിട്ടില്ലെന്നും അത്തരം വാക്കുകള്‍ തന്‍റേതല്ലെന്നും ബിന്ദ്ര പറഞ്ഞു.
എന്നാല്‍ ഷൂട്ടിംഗ് അസോസിയേഷന്‍റെ നിലപാടുകളില്‍ തനിക്ക് ഇപ്പോഴും വേദനയുണ്ടെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു. എന്‍റെ ലക്‍ഷ്യങ്ങള്‍ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നില്ലെന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്. ബിന്ദ്ര പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ തന്നെ ഏറെ അസ്വസ്ഥനാക്കുന്നുണ്ടെന്നും കായിക രംഗത്ത് ശ്രദ്ധ പതിപ്പിക്കാനാകുന്നില്ലെന്നും ബിന്ദ്ര പറഞ്ഞു.