ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് യു എ ഇയുമായി ഏറ്റുമുട്ടും
വ്യാഴം, 28 ജൂലൈ 2011 (09:00 IST)
ഏഷ്യന്‍ മേഖലാ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദ മത്സരത്തില്‍ ഇന്ന് ഇന്ത്യ യു എ ഇയുമായി ഏറ്റുമുട്ടും. യു എ ഇയില്‍ നടന്ന ഒന്നാം പാദ മത്സരത്തില്‍ 3-0 ത്തിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനാല്‍ നാലു ഗോള്‍ വ്യത്യാസത്തിനു ജയിച്ചാലേ ഇന്ത്യക്കു ലോകകപ്പ് യോഗ്യത നേടാനാകു. ന്യൂഡല്‍ഹിയിലെ അംബേദ്‌കര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴു മണി മുതലാണു ഇന്നത്തെ മത്സരം.
ഒന്നാം പാദത്തില്‍ റഫറി ബഞ്ചാര്‍ അല്‍ ദൊസാരിയുടെ വിവാദതീരുമാനങ്ങള്‍ മത്സരത്തെ ബാധിച്ചിരുന്നു. റഫറി യു എ ഇയ്‌ക്ക് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നെന്ന് ആരോപിച്ച് ഇന്ത്യന്‍ താരങ്ങള്‍ കളം വിട്ടുവെങ്കിലും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ആറു മിനിട്ടിനു ശേഷം കളി തുടരുകയായിരുന്നു. കഴിഞ്ഞ 23 ന് അല്‍ അയിനിലെ ഷെയ്‌ഖ് ഖലീഫ സ്‌റ്റേഡിയത്തില്‍ നടന്ന എവേ മത്സരത്തിന്റെ ആദ്യ 25 മിനിറ്റില്‍തന്നെ രണ്ടു ചുവപ്പു കാര്‍ഡുകളും അത്രയും പെനല്‍റ്റികളുമാണ് റഫറി ഇന്ത്യക്കെതിരെ വിധിച്ചിരുന്നത്. ഇന്ത്യന്‍ ഡിഫന്‍ഡര്‍ ദേബബ്രത റായിക്കും ഗോള്‍കീപ്പര്‍ സുബ്രതാപാലിനുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നിരുന്നത്. തുടര്‍ന്ന് ഒന്‍പതു പേരുമായാണ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്.
ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തിലെ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. രണ്ട് തവണ ടീം നെഹ്രുകപ്പ് നേടിയത് ഇവിടെയായിരുന്നു. 2008-ല്‍ എ എഫ് സി. ചാലഞ്ച് കപ്പ് നേടി ഏഷ്യന്‍കപ്പിന് യോഗ്യത ഉറപ്പാക്കുകയും ചെയ്തു.