റഫറിമാര്‍ ബാഴ്സയെ ജയിപ്പിച്ചു?

Webdunia
ശനി, 30 ഏപ്രില്‍ 2011 (09:46 IST)
PRO
PRO
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദത്തില്‍ ബുധനാഴ്ച നടന്ന ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് മത്സരം യുവേഫ അച്ചടക്കസമിതി അന്വേഷിക്കുന്നു. മത്സരത്തില്‍ റഫറിമാര്‍ ബാഴ്‌സയ്ക്ക് അനുകൂലമായി തീരുമാനമെടുത്തുവെന്ന് റയല്‍ കോച്ച് ഹോസെ മൗറീന്യോ ആരോപിച്ചിരുന്നു. മൗറീന്യോയുടെ ആരോപണങ്ങള്‍ക്കെതിരെ ബാഴ്‌സ യുവേഫയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് അച്ചടക്കസമിതി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗൊ ബെര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസ്സി നേടിയ രണ്ട് ഗോളുകളിലൂടെയാണ് ബാഴ്സ വിജയിച്ചത്. മത്സരത്തിന്റെ ഇടവേളയില്‍ ഇരു ടീമുകളിലെയും കളിക്കാര്‍ കയ്യാങ്കളിയ്ക്ക് വരെ മുതിര്‍ന്നു. ബാഴ്സയുടെ റിസര്‍വ് ഗോളി ഹോസെ മാനുവെല്‍ പിന്‍റോ, റയല്‍ പ്രതിരോധ താരം പെപെ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ടു. തുടര്‍ന്ന് പത്ത് പേരുമായാണ് റയല്‍ കളിച്ചത്. റയലിന്റെ കോച്ച് മൗറീന്യോയെ റഫറി പുറത്താക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം അന്വേഷണപരിധിയില്‍ വരും.

റഫറിമാര്‍ എല്ലായ്‌പ്പോഴും ബാഴ്‌സലോണയ്ക്ക് അനുകൂലമായാണ് തീരുമാനമെടുക്കുന്നു എന്നാണ് മൗറീന്യോയുടെ പ്രധാന ആരോപണം.