രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡില്‍ ഇന്ന് തീരുമാനം

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (09:29 IST)
PRO
രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്നുള്ള റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കായിക മന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണ് സൂചന.

അര്‍ജുന നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് അറിയിക്കുമെന്നാണ് രഞ്ജിത്തിനെ കായിക മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചത്. തിങ്കളാഴ്ച തലസ്ഥാനത്ത് തന്നെ തുടരാനും കായിക മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും അത്ലറ്റിക് ഫെഡറേഷനില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ന് കായിക മന്ത്രിക്ക് ലഭിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം.

അവധി ദിവസമായിട്ടും ഞായറാഴ്ച ഉദ്യോഗസ്ഥരെത്തി ഡോപ് ടെസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചിരുന്നു. ഒരു പത്രത്തില്‍ ഉത്തേജകമരുന്ന്‌ വിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് താരത്തെ തല്‍ക്കാലം ഒഴിവാക്കുകയാണെന്നും ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നും ചൂണ്ടിക്കാട്ടി അവസാന നിമിഷമാണ്‌ രഞ്‌ജിത്തിന്‌ കായികമന്ത്രാലയം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്‌.

വെബ്ദുനിയ വായിക്കുക