യോഗേശ്വറിന് സ്വപ്നസാഫല്യം; ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍!

ഞായര്‍, 12 ഓഗസ്റ്റ് 2012 (11:35 IST)
PTI
PTI
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍. 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് ആണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം സ്വന്തമാക്കി. ഉത്തര കൊറിയയുടെ റിം ജോം മിയോങ്ങിനെയാണ് യോഗേശ്വര്‍ കീഴ്പ്പെടുത്തിയത്. റിം ജോം മിയോങ്ങിനെ 3-1നാണ് യോഗേശ്വര്‍ പരാജയപ്പെടുത്തിയത്.

പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ ബെസിക് കുഡുഖോവിനോട് യോഗേശ്വര്‍ തോറ്റിരുന്നു. തുടര്‍ന്ന് 60 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലെ റെപ്പഷാജ് റൌണ്ടില്‍ മത്സരിച്ചാണ് അദ്ദേഹം വെങ്കലം നേടിയത്. കുഡുഖോവ് ഫൈനലിലെത്തിയതോടെ യോഗേശ്വര്‍ റെപ്പഷാജില്‍ കളിക്കാന്‍ യോഗ്യത നേടുകയായിരുന്നു. റെപ്പഷാജ് റൌണ്ടില്‍ പ്യൂട്ടോറിക്കയുടെ ഫ്രാങ്കലന്‍ ഗോമസ് മാതോസിനെയാണ് യോഗേശ്വര്‍ ആദ്യം നേരിട്ടത്. മാതോസിനെ 3-0-ന് തോല്‍പ്പിച്ച യോഗേശ്വര്‍ രണ്ടാം മത്സരത്തില്‍ ഇറാന്റെ മസൌദ് എസ്മെയ്ലപുര്‍ജൌയ്ബാരിയെ 3-1 എന്ന സ്കോറിനു ചുരുട്ടിക്കെട്ടി.

ഒടുവില്‍ ഉത്തര കൊറിയയുടെ റിം ജോം മിയോങ്ങിനെയും തോല്‍പ്പിച്ച് മെഡല്‍ കഴുത്തിലണിയുകയായിരുന്നു. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ യോഗേശ്വര്‍ സ്വര്‍ണം നേടിയിരുന്നു.

ഹരിയാനയിലെ സോനാപട്ട് സ്വദേശിയാണ് യോഗേശ്വര്‍. അദ്ദേഹത്തിന് ഹരിയാന സര്‍ക്കാര്‍ ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക