സ്പാനിഷ് ലീഗില്‍ ലയണല്‍ മെസ്സി ‘ലയണ്‍’ മെസ്സിയായപ്പോള്‍ പോയന്‍റ് പട്ടികയില്‍ ബാര്‍സലോണ ലീഡ് കാത്തു. മെസ്സിയുടെ ഹാട്രിക്ക് അടക്കം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ലീഗിലെ ചെറു മീനുകളായ ടെനറൈഫിനെ ബാര്‍സ തകര്‍ത്തുവിട്ടത്. എന്നാല്‍ റയല്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് രണ്ടാം സ്ഥാനത്തുള്ള റയല്‍ ബാര്‍സയുമായുള്ള പോയന്‍റ് വ്യത്യാസം രണ്ടാക്കി കുറച്ചിട്ടുണ്ട്.
17 കളികളില്‍ നിന്ന് 43 പോയന്‍റാണ് ബാര്‍സയുടെ സമ്പാദ്യം. വിജയച്ചെങ്കിലും ബാര്‍സ ശരിക്കും നന്ദി പറയേണ്ടത് ഗോള്‍ കീപ്പര്‍ വിക്ടര്‍ വാല്‍ദെസിനോടാണ്. ഗോളെന്നുറച്ച മൂന്ന് അവസരങ്ങളാണ് വാല്‍ദെസ് തട്ടിയകറ്റിയത്. ടെനറൈഫിനെതിരെ ആദ്യ ഗൊള്‍ നേടാന്‍ 36 ആം മിനുറ്റ് വരെ കാര്‍ത്തിരിക്കേണ്ടി വന്നു നിലവിലെ ചാമ്പ്യന്‍മാര്‍ക്ക്.
മെസ്സിയിലൂടെ ആദ്യ ഗോള്‍ നേടിയ ബാര്‍സ 44 ആമിനുറ്റില്‍ മെസ്സിയെടുത്ത ഫ്രീകിക്കില്‍ നിന്ന് കാര്‍ലോസ് പ്യുയോളിലൂടെ രണ്ടാം ഗോളും നേടി. ആദ്യ ഗോള്‍ വരെ ടെനറൈഫ് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളുവെന്ന് മത്സര ശേഷം ബാര്‍സ കോച്ച് പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.
അവസരങ്ങള്‍ മുതലാക്കുന്നതില്‍ മാത്രമായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി. മറ്റൊരു മത്സരത്തില്‍ കളം നിറഞ്ഞു കളിച്ച കക്കയുടെ മികവിലാണ് റയല്‍ ജയിച്ചു കയറിയത്. ഗോണ്‍സാലൊ ഹിഗ്വയിനും എസ്റ്റെബാന്‍ ഗ്രനേറൊയുമാണ് റയലിന്‍റെ ഗോളുകള്‍ നേടിയത്.