മിലാനിന്‍ ഇന്ത്യന്‍ പരിശീലകന് അപമാനം

ബുധന്‍, 16 മാര്‍ച്ച് 2011 (11:04 IST)
PRO
പ്രമുഖ അത്‌ലറ്റ് മില്‍ഖ സിംഗിന്റെ മകനും ഇന്ത്യന്‍ ഗോള്‍ഫറുമായ ജീവ് മില്‍ഖ സിംഗിന്റെ പരിശീലകനെ മിലാന്‍ വിമാനത്താവളത്തില്‍ അപമാനിച്ചു. ജീവിന്റെ ഗോള്‍ഫ് പരിശീലകനായ അമ്രിതിന്ദര്‍ സിംഗിനോട് അധികൃതര്‍ തലപ്പാവ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ജീവ് മാറ്റുരയ്ക്കുന്ന ചില ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് ഇരുവരും ഇറ്റലിയില്‍ പര്യടനത്തിലാണിപ്പോള്‍.

സിസിലിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ അമ്രിതിന്ദറിനോട് വിമാനത്തില്‍ കയറും മുമ്പ് തലപ്പാവ് അഴിച്ചുമാറ്റണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ജീവ് ശക്തമായി എതിര്‍ത്തെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തലപ്പാവ് വച്ച് അദ്ദേഹത്തെ വിമാനത്തില്‍ കയറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് അധികൃതര്‍ ഭീഷണി മുഴക്കുകയായിരുന്നു.

തന്റെ വ്യക്തിത്വത്തിനേറ്റ അപമാനമാണ് ഈ സംഭവമെന്ന് അമ്രിതിന്ദര്‍ ഒരു പ്രസ്താവനയിലൂടെ പ്രതികരിച്ചു. പൊതുസ്ഥലത്ത് നഗ്നനായി നില്‍ക്കുന്നയാളുടെ മാനസികാവസ്ഥായായിരുന്നു തനിക്കപ്പോള്‍. ലോകത്തിന്റെ പലഭാഗങ്ങളിലൂടെ താന്‍ സഞ്ചരിച്ചിട്ടുണ്ട്, എന്നാല്‍ അന്നൊന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഇത്തരത്തില്‍ പെരുമാറിയിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താനൊരു കായിക പരിശീലകനാണെന്ന് പലവട്ടം പറഞ്ഞുനോക്കിയെങ്കിലും അവര്‍ അതൊന്നും ചെവിക്കൊണ്ടില്ല. തലപ്പാവ് ധരിക്കുന്ന പ്രധാനമന്ത്രിയുള്ള രാജ്യമാണ് നമ്മുടേത്, ഒരാളുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ തയ്യാറാവുന്നതാണ് മര്യാദയെന്ന് അമ്രിതിന്ദര്‍ വ്യക്തമാക്കി.

ജീവിന്റെ പ്രതികരണം വൈകാരികമായിരുന്നു. തന്റെ പിതാവും തലപ്പാവ് ധരിക്കുന്നയാളാണ്. നൂറു കണക്കിനാളുകളുടെ മുന്നില്‍ വച്ചു അമ്രിതിന്ദറിനെ ഇത്തരത്തില്‍ അപമാനിച്ചത് കഷ്‌ടമായിപ്പോയെന്ന് ജീവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക