ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ ലിവര്‍പൂള്‍ തകര്‍ത്തു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചെസ്റ്ററിന്‍റെ തട്ടകത്തില്‍ വിജയം ആഘോഷിച്ചത്. ഇതോടെ പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തു തുടരുന്ന യുണൈറ്റഡുമായി നാല് പോയിന്‍റ് വ്യത്യാസം മാത്രമാണുള്ളത്.
ഇരുപത്തിമൂന്നാം മിനുട്ടുല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളില്‍ യുണൈറ്റഡായിരുന്നു ആദ്യം മുന്നിലെത്തിയത്. യുണൈറ്റഡിന്‍റെ ആഘോഷത്തിന് നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളു. അഞ്ച് മിനുട്ടിന് ശേഷം ഫെര്‍ണാണ്ടോ ടോറസിലൂടെ ലിവര്‍പൂള്‍ സമനില നേടി.
നാല്‍പ്പത്തിനാലാം മിനുട്ടില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ദ് മാഞ്ചസ്റ്ററിന്‍റെ വല ചലിപ്പിച്ചതോടെ ലിവര്‍പൂള്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഫ്രീ ക്വിക്കിലൂടെ ഫാബിയോ ഔറിലോയും, തൊട്ടുപിറകേ ആന്ദ്രേ ദോസ്സെനയും ചേര്‍ന്ന് ദൌത്യം പൂര്‍ത്തിയാക്കി. നെമാന്യ വിഡിച്ച് രണ്ടാം പകുതിയില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനെത്തുടര്‍ന്നു പത്തുപേരുമായാണ് മാഞ്ചസ്റ്റര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
1936- നുശേഷം യുണൈറ്റഡിന്‍റെ മൈതാനമായ ഓള്‍ഡ് ട്രാഫോഡില്‍ ലിവര്‍പൂള്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടയില്‍ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റര്‍ നേരിടുന്ന ഏറ്റവും വലിയ പരാജയവും.