മയക്കുമരുന്ന് കേസ്: രക്തസാമ്പിള്‍ നല്‍കാന്‍ വിജേന്ദര്‍ വിസമ്മതിക്കുന്നു!

ചൊവ്വ, 12 മാര്‍ച്ച് 2013 (17:07 IST)
PRO
മയക്കുമരുന്ന് ബന്ധം സംബന്ധിച്ച കേസില്‍ രക്ത, മുടി സാമ്പിളുകള്‍ നല്‍കാന്‍ ഇന്ത്യന്‍ ബോക്സിങ് താരം വിജേന്ദര്‍ സിംഗ് വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. 130 കോടി രൂപയുടെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വിജേന്ദര്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ആരോപണം നിഷേധിക്കുന്നതായും മുന്‍പ് പറഞ്ഞിരുന്നു.

പഞ്ചാബ് പൊലീസിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രക്ത, തലമുടി സാമ്പിളുകള്‍ ആവശ്യപ്പെട്ടപ്പോള്‍ വിജേന്ദര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും വിജേന്ദര്‍ കുറ്റം ഏല്‍ക്കാന്‍ തയാറായില്ല. കേസില്‍ വിജേന്ദറിനെ മൂന്നു മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തു.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂപ് സിംഗിനെ പരിചയമുണ്ടെന്ന് വിജേന്ദര്‍ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. പഞ്ചാബിലെ ഇയാളുടെ ഫ്ലാറ്റില്‍ നിന്നു ഹെറോയിന്‍ അടക്കമുള്ള 26 കിലോഗ്രാം ലഹരിമരുന്നാണ് പൊലീസ് കണ്ടെടുത്തത്.

ഫ്ളാറ്റിനു സമീപം വിജേന്ദറിന്റെ ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഫോര്‍ഡ് എന്‍ഡെവര്‍ കാര്‍ കണ്ടെത്തിയതാണ് കേസുമായി ബോക്സിംഗ് താരത്തിന് ബന്ധമുണ്ടെന്ന സൂചന നല്‍കിയത്.

വിജേന്ദറിന്റെ സുഹൃത്തും ദേശീയ ബോക്സിങ് താരവുമായ രാം സിങ് തങ്ങള്‍ക്ക് ഖാലോനെ അനൂപ് സിംഗിനെ അറിയാമെന്ന് പൊലീസിനു മൊഴി നല്‍കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക