ദക്ഷിണാഫ്രിക്കയുടെ ജീവിക്കുന്ന ഇതിഹാസം നെല്‍സണ്‍ മണ്ടേല ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രായാധിക്യം കൊണ്ടുള്ള അസൌകര്യം കാരണമാണ് 91കാരനായ മണ്ടേല ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മണ്ടേലയുടെ കൊച്ചുമകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണ്ടേലയെ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് കൊച്ചുമകന്‍ മണ്ടല മണ്ടേല പറഞ്ഞു. ഈ പ്രായത്തില്‍ ചടങ്ങില്‍ പങ്കെടുക്കാനായി അദ്ദേഹത്തെ കൂടുതല്‍ നിര്‍ബന്ധിക്കില്ലെന്നും മണ്ടല പറഞ്ഞു. ജൂണ്‍ 11ന്‍റെ ഉദ്ഘാടന ചടങ്ങിനു മുന്‍പ് മണ്ടേലയുടെ കുടുംബം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ആഫ്രിക്കയിലെ ആദ്യ ലോകകപ്പില്‍ അഫ്രിക്കയുടെ ഏറ്റവും വലിയ നേതാവായ മണ്ടേല പങ്കെടുത്തില്ലെങ്കില്‍ അത് സംഘാടകര്‍ക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. മണ്ടേല ചടങ്ങില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഫിഫ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം മണ്ടേല ഉദ്ഘാടന ചടങ്ങിനില്ലെന്ന് അറിയിച്ചത് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പറയത്തക്ക ആരോഗ്യപ്രശനങ്ങളൊന്നും മണ്ടേലയെ അലട്ടുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.