ഇത്തവണ നോവാക്ക് ജോക്കോവിക്കിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ വീണ്ടു പോയി. ഒന്നാം നമ്പര്‍ താരത്തെ മൂന്നു സെറ്റു നീണ്ട കഠിനാദ്ധ്വാനത്തിനൊടുവില്‍ കീഴടക്കി സെര്‍ബിയന്‍ താരം മോണ്ടീ റീയാല്‍ മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടം സ്വന്തമാക്കി.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഫലം വന്നപ്പോള്‍ 7-6, 2-6, 7-6 എന്നതായിരുന്നു സ്‌കോര്‍. ആറു പോയിന്‍റു നേടിയ സെര്‍ബിയന്‍ താരം ടൈബ്രേക്കറിലാണ് ഒന്നാം സെറ്റ് ജയിച്ചു മികച്ച തുടക്കമിട്ടത്. ഈ ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തുന്ന ജോക്കോവിക്കിനു മുന്നില്‍ വീഴുന്ന മൂന്നാമത്തെ കരുത്തനാണ് ഫെഡറര്‍.
നേരത്തേ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കും ജോക്കോവിക്കിനു മുന്നില്‍ പരാജയം സമ്മതിച്ചിരുന്നു. സെമിയില്‍ ജോക്കോവിക്കിനു കീഴടങ്ങിയത് രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലായിരുന്നു.
ഒന്നാം നമ്പര്‍ താരത്തെയും രണ്ടാം നമ്പറെയും മൂന്നാം നമ്പറിനെയും കീഴടക്കിയ ജോക്കോവിക്ക് പുതിയ സീസണില്‍ മുന്‍ നിര താരങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പാണ് നല്‍കുന്നത്. ക്വാര്‍ട്ടറില്‍ റോഡിക്കിനെയും സെമിയില്‍ നദാലിനെയും ഫൈനലില്‍ ഫെഡററിനെയും പരാജയപ്പെടുത്തിയ തനിക്ക് ഇത് മികച്ച സീസണാണെന്ന് ജോക്കോവിക്ക് പറഞ്ഞു.