പ്രണയ ദിനക്കൊല: ബ്ലേഡ് റണ്ണറുടെ വാദങ്ങളെല്ലാം പൊളിഞ്ഞു

ബുധന്‍, 20 ഫെബ്രുവരി 2013 (13:25 IST)
PRO
പ്രണയ ദിനത്തില്‍ കാമുകിയായ റീവ സ്റ്റീന്‍കാന്പിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ സൗത്ത് ആഫ്രിക്കന്‍ സ്പോര്‍ട്സ് താരവും പാരാലിംപ്യന്‍ ബ്ലേഡ് ഓട്ടക്കാരനുമായ പിസ്റ്റോറിയസിനെതിരെ കോടതി കൊലക്കുറ്റം ചുമത്തി.

പിസ്റ്റോറിയസ് നടത്തിയത് മനപൂര്‍വമായ കൊലപാതകം തന്നെയാണെന്ന് കോടതി പറഞ്ഞു. വെടിവയ്ക്കുന്നതിനു മുന്പ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് സ്റ്റീന്‍ കാന്പിനെ അടിച്ചതായും അതിനു ശേഷം ബാത്തറൂമിന്റെ വാതിലിലൂടെ മൂന്ന് തവണ വെടിവച്ചതായും കോടതിയില്‍ തെളിഞ്ഞു. മനപൂര്‍വമല്ല വെടിവച്ചതെന്ന് പിസ്റ്റോറിയസ് അറസ്റ്റിലായ സമയത്ത് പറഞ്ഞിരുന്നു.

പ്രണയദിനമായ ഫെബ്രുവരി 14 നാണ് 29കാരിയായ റീവ സ്റ്റീന്‍കാന്പ് വെടിയേറ്റു കൊല്ലപ്പെട്ടത്. വീട്ടില്‍ മോഷ്ടിക്കാന്‍ എത്തിയ ആരെങ്കിലുമാണെന്ന് കരുതി വെടിവയ്ക്കുകയായിരുന്നെന്ന് പിസ്റ്റോറിയസ് പറഞ്ഞിരുന്നു.

ബോധപൂര്‍വമായ കൊലപാതകമാണ്‌ നടന്നതെന്ന്‌ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചപ്പോള്‍ പിസ്‌റ്റോറിയസ്‌ കോടതിമുറിയില്‍ വച്ച്‌ പൊട്ടിക്കരഞ്ഞിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന്‌ പുലര്‍ച്ചെ സ്ത്രീയുടെ കരച്ചില്‍ കേട്ടുവെന്ന്‌ അയല്‍വാസികളും പൊലീസിന്‌ മൊഴി നല്‍കിയിരുന്നു.

കൊല്ലപ്പെട്ട റീവ സ്റ്റീന്‍കാമ്പ്‌ ലോകത്തെ അറിയപ്പെടുന്ന മോഡലാണ്‌. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയായിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വികലാംഗനെന്ന നിലയില്‍ ചരിത്രം സൃഷ്‌ടിച്ചും പാരാലിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവായും പിസ്റ്റോറിയോസ് അത്ഭുതം സൃഷ്ടിച്ചിരുന്നു.

ഇരുകാലുകളിലും കാല്‍മുട്ടിനുകീഴെ എല്ലുകളില്ലാതെയാണ് പിസ്റ്റോറിയസ് ജനിച്ചത്. പതിനൊന്നാം വയസ്സില്‍ കാല്‍മുട്ടുകള്‍ക്ക് കീഴെ ഇരുകാലുകളും മുറിച്ചുമാറ്റി. കാലുകള്‍ക്ക് പകരം ഓടാനായി പിസ്റ്റോറിയസ് ഉപയോഗിച്ച് ബ്ലേഡുകളാണ് അദ്ദേഹത്തിന് "ബ്ലേഡ് റണ്ണര്‍" എന്ന പേര് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക