ജാര്‍ഖണ്ഡ് ദേശീയഗെയിംസില്‍ കേരളത്തിന്റെ സുവര്‍ണപ്രതീക്ഷയായ ടിന്റു ലൂക്ക മത്സരിക്കില്ല. പരുക്കില്‍ നിന്ന് മോചിതയാകാത്ത സാഹചര്യത്തിലാണ് ടിന്റു ദേശീയഗെയിംസില്‍ മത്സരിക്കാത്തത്. ഇതോടെ 800 മീറ്ററില്‍ കേരളത്തിന്റെ ഉറച്ച സ്വര്‍ണപ്രതീക്ഷയാണ് ഇല്ലാതായിരിക്കുന്നത്. 4 - 400 മീറ്റര്‍ റിലേയിലും ടിന്റു മത്സരിക്കേണ്ടതായിരുന്നു.
പേശിവലിവിന് ആയുര്‍വേദ ചികിത്സ തുടര്‍ന്നു വരുന്ന ടിന്റുവിന് മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് പരിശീലക പി ടി ഉഷയും വ്യക്തമാക്കി. ഈ മാസം 12 മുതല്‍ 26 വരെയാണ് ഗെയിംസ്. ഏഷ്യന്‍ ഗെയിംസില്‍ 800മീറ്ററിന്റെ ഫൈനലില്‍ അവസാനംവരെ മികച്ച ലീഡ് നേടിയ ടിന്റുവിന് ഫിനിഷിംഗില്‍ അത് നിലനിര്‍ത്താന്‍ കഴിയാതെ പോയതിനു കാരണം പേശീവലിവായിരുന്നു.
ജൂലായില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും സപ്തംബറിലെ ലോക അത്‌ലറ്റിക് മീറ്റുമാണ് ടിന്റുവിന്റെ അടുത്ത പ്രധാന മീറ്റുകള്‍.
അതേസമയം, ഞായറാഴ്ച വിവാഹിതയാകുന്ന സിനിമോള്‍ പൌലോസും ദേശീയഗെയിംസിന് ഉണ്ടായിരിക്കില്ല. കഴിഞ്ഞ രണ്ടുമാസമായി സിനി പരിശീലനം നടത്തിയിരുന്നില്ല. ഈ വര്‍ഷാവസാനം സിനി വീണ്ടും പരിശീലനത്തിനിറങ്ങുമെന്നാണ് സൂചന. സിനിയുടെയും ടിന്റുവിന്റെയും അഭാവം ദേശീയഗെയിംസില്‍ കേരളത്തിന് വലിയ നഷ്ടമായിരിക്കും. ടിന്റുവിന്റെ അസാന്നിധ്യത്തില്‍ 800മീറ്ററില്‍ എസ് ആര്‍ ബിന്ദുവായിരിക്കും മത്സരിക്കുക.