നദാല്‍ ഒന്നാമന്‍

തിങ്കള്‍, 7 ജൂണ്‍ 2010 (11:15 IST)
PRO
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗീള്‍സ് കിരീടം റോളാംഗ് ഗാരോസിന്റെ സ്വന്തം നദാലിന്. കഴിഞ്ഞ വര്‍ഷം തന്നെ നാലം റൌണ്ടില്‍ അട്ടിമറിച്ച റോബിന്‍ സോഡര്‍ലിംഗിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് നാദാല്‍ അഞ്ചാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

റോളാംഗ് ഗാരോസില്‍ 2005 മുതല്‍ 2008 വരെ തുടര്‍ച്ചയായി കിരീടം ചൂടിയ നദാല്‍ കഴിഞ്ഞവര്‍ഷം സോഡര്‍ലിംഗിനു മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. എന്നാല്‍, ഇത്തവണ കോര്‍ട്ടില്‍ ഇറങ്ങുന്നതിനു മുമ്പു തന്നെ സോഡര്‍ലിങ്ങിനോടുള്ള പകവീട്ടല്‍ എന്നതിലുപരി ഫ്രഞ്ച്‌ ഓ‍പ്പണ്‍ വിജയമാണ്‌ തനിക്കു വലുതെന്ന്‌ നദാല്‍ പ്രഖ്യാപിച്ചിരുന്നു.

ഫൈനലില്‍ ഒരൊറ്റ സെറ്റു (6-4, 6-2, 6-4)പോലും വഴങ്ങാതെയാണ് നദാല്‍ വിജയിയായത്. ഈ വിജയത്തോടെ ഫ്രഞ്ച്‌ ഓ‍പ്പണ്‍ കിരീട വിജയത്തില്‍ സ്വീഡന്‍റെ ബ്യോണ്‍ ബോര്‍ഗിനു പിന്നില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ നദാല്‍. ആറു കിരീടങ്ങളാണ്‌ ബോര്‍ഗിന്‍റെ നേട്ടം.

റൊളാങ്ങ്‌ ഗാരോസില്‍ 39-ാ‍ം മല്‍സരം കളിച്ച നദാലിന്‍റെ 38-ാ‍ം വിജയമായിരുന്നു ഇത്‌. ഒരേയൊരു പരാജയം സോഡര്‍ലിങ്ങിനു മുന്നില്‍. കളിമണ്‍ കോര്‍ട്ടിലെ തുടര്‍ച്ചയായ 21-ാ‍ം വിജയവുമാണിത്‌. കിരീടത്തിനൊപ്പം, ലോക ഒന്നാം നമ്പര്‍ പദവി റോജര്‍ ഫെഡററില്‍ നിന്നു തിരിച്ചു പിടിക്കുകയും ചെയ്‌തു നദാല്‍.

വെബ്ദുനിയ വായിക്കുക