നദാലിനു ലക്‍ഷ്യം ഒളിമ്പിക്‍സ് സ്വര്‍ണ്ണം

Webdunia
PROPRO
ടെന്നീസിലെ ലോക രണ്ടാം നമ്പര്‍ സ്പാനിഷ് താരം റാഫേല്‍ നദാലിന്‍റെ ലക്‍ഷ്യം ചെറുതല്ല. പുതിയ സീസണിലെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്കൊപ്പം തന്നെ ഒളിമ്പിക്‍സ് സ്വര്‍ണ്ണനേട്ടത്തെയും നദാല്‍ വിലയിരുത്തുകയാണ്. ഒന്നാം നമ്പര്‍ ഫെഡററിനൊപ്പം തന്നെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം വര്‍ഷം പിന്നിടുന്ന നദാല്‍ ചെന്നൈ ഓപ്പണിനായി ഇന്ത്യയിലെത്തിയതായിരുന്നു.

ചെന്നൈ ഓപ്പണോടെ പുതിയ സീസണ് തുടക്കം കുറിക്കുന്ന നദാല്‍ 2008 ല്‍ ഒളിമ്പിക്‍സ് സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള നേട്ടങ്ങളാണ് ലക്‍ഷ്യമിടുന്നത്. 21 കാരനായ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ചെന്നൈയില്‍ കളിക്കുന്ന ടോപ് സീഡാണ്. ഇവിടെ ഡബിള്‍സിലും സ്പാനിഷ് താരം കളിക്കുന്നുണ്ട്. സല്‍‌‌വാ വിദാലാണ് ഡബിള്‍സില്‍ നദാലിന്‍റെ പങ്കാളി.

ഈ വര്‍ഷം ഏറെ പ്രത്യേകതകളുള്ളത് ഒളിമ്പിക്സ് ഗയിംസ് ഉള്ളതു കൊണ്ടാണെന്നും നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഓളിമ്പിക്‍സ് വരുന്നത് എന്നതിനാലും ഇതു പ്രത്യേകതയുള്ള ടൂര്‍ണമെന്‍റാണെന്നും നദാല്‍ ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡേവിസ് കപ്പും ഒളിമ്പിക്‍സുമെല്ലാം വരുന്നതിനാല്‍ കളിക്കാവുന്ന പരമാവധി ഡബിള്‍സുകളില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നതായും നദാല്‍ വ്യക്തമാക്കി.

പുതിയ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കൂടുതല്‍ മെച്ചപ്പെടെണ്ടിയിരിക്കുന്നെന്നും നദാല്‍ വ്യകതമാക്കി. രണ്ടാം സ്ഥാനക്കാരനായി ഒരു അമ്പതു വര്‍ഷം കൂടി തുടരാനാണ് തനിക്കിഷ്ടമെന്നും തന്‍റെ ഇപ്പോഴത്തെ അവസ്ഥ വച്ച് 5600,5700 പോയിന്‍റുകള്‍ ഒരു നല്ല കാര്യമാണെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം ആറു കിരീടങ്ങള്‍ വിജയിച്ച നദാല്‍ പക്ഷേ പുല്‍ കോര്‍ട്ടില്‍ നടക്കുന്ന ഫൈനലുകളിലാണ് കളി മറക്കുന്നത്. അഞ്ചു തവണ പുല്‍ മൈതാനത്തു നടന്ന മത്സരങ്ങളില്‍ നദാല്‍ പരാജയപ്പെട്ടു. ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ ക്വാര്‍ട്ടറിലും യു എസ് ഓപ്പണിന്‍റെ നാലാം റൌണ്ടിലും നദാല്‍ പരാജയപ്പെട്ടിരുന്നു.