ദുബായ് ടൂര്‍ണമെന്‍റ്: നദാല്‍ പിന്‍മാറി

വെള്ളി, 20 ഫെബ്രുവരി 2009 (15:08 IST)
കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് ദുബായ് ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പിന്‍മാറി. തന്‍റെ വെബ് സൈറ്റിലാണ് സ്പെയിന്‍ താരം പിന്‍‌മാറ്റ വാര്‍ത്ത അറിയിച്ചത്.

കഴിഞ്ഞ ആഴ്ച നടന്ന റോട്ടര്‍ദാം ടൂര്‍ണ്ണമെന്‍റിനിടയ്ക്കാണ് നദാലിന് കാല്‍മുട്ടിലെ വേദന വീണ്ടും അനുഭവപ്പെട്ടത്. വേദന സഹിച്ചും കോര്‍ട്ടിലിറങ്ങിയ നദാല്‍ സെമിയില്‍ പരാജയപ്പെടുകയായിരുന്നു. ദുബായില്‍ കളിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും വിശ്രമിക്കാനുള്ള ഡോക്ടര്‍മാരുടെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും നദാല്‍ പറഞ്ഞു. എന്നാല്‍ പേടിക്കേണ്ടതായ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് തനിക്ക് ഇഷ്ടപ്പെട്ട ടൂര്‍ണമെന്‍റുകളില്‍ ഒന്നാണെന്നും പങ്കെടുക്കാനാകാത്തതില്‍ ആരാധകരും സംഘാടകരും ക്ഷമിക്കണമെന്നും നദാല്‍ അഭ്യര്‍ത്ഥിച്ചു. ഡേവിസ് കപ്പോടെ കളിക്കളത്തില്‍ മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സ്പെയിന്‍ താരം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക