തുടര്‍ച്ചയായി പിഴവുകള്‍, സൈനയ്ക്ക് പരാജയം

വെള്ളി, 3 ഓഗസ്റ്റ് 2012 (14:29 IST)
PTI
ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയ്ക്ക് തിരിച്ചടി. ബാഡ്മിന്‍റണ്‍ സെമിയില്‍ സൈന നെഹ്‌വാള്‍ തോറ്റു. ചൈനീസ് താരം വാംഗ് യിഹാനോടാണ് സൈന അടിയറവ് പറഞ്ഞത്.

സ്കോര്‍: 21-13, 21-13.

തുടര്‍ച്ചയായി വരുത്തിയ പിഴവുകളാണ് സൈനയ്ക്ക് വിനയായത്. ആദ്യ ഗെയിം ഏകപക്ഷീയമായ മുന്നേറ്റമാണ് വാംഗ് നടത്തിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്ന സൈന ഒരു ഘട്ടത്തില്‍ ഒപ്പത്തിനൊപ്പം എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് വാംഗ് കുതിച്ചുകയറിയപ്പോല്‍ ആത്മവിശ്വാസം തകര്‍ന്നുപോയ സൈനയ്ക്ക് പിന്നീട് തിരിച്ചടിക്കാനായില്ല.

വാംഗ് യിഹാനൊപ്പം ഇത് ആറാമത്തെ തവണയാണ് സൈന ഏറ്റുമുട്ടുന്നത്. എപ്പോഴും വാംഗിന് തന്നെയായിരുന്നു വിജയം. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് ചൈനയുടെ താരം കളിച്ചത്. താന്‍ എന്തുകൊണ്ട് ലോക ഒന്നാം നമ്പര്‍ താരമാണെന്ന് ഏവരെയും ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു അവരുടെ ഓരോ നീക്കവും.

സൈനയ്ക്ക് ഇനി വെങ്കലമെഡലിയായി കാത്തിരിക്കാം, ഇന്ത്യയ്ക്കും. ആ മത്സരം ശനിയാഴ്ച വൈകുന്നേരമാണ് നടക്കുന്നത്. അതിലും ചൈനീസ് താരം തന്നെയാണ് സൈനയുടെ എതിരാളി.

വെബ്ദുനിയ വായിക്കുക