ഉദ്യാനങ്ങളുടെ നഗരത്തിന് ഇനി ഒരാഴ്ച കാലം ടെന്നീസ് ചൂട് പിടിപെടും. ലോകത്തെ പ്രമുഖ താരങ്ങളുടെ ടെന്നീസ് ചടുലത തിരിച്ചറിയാനുള്ള വേദിയാകുകയാണ് ഇന്ത്യ. ഏറ്റവും വലിയ ഡ്ബ്ല്യു ടി എ ടൂര്‍ണ്ണമെന്‍റായ ബാംഗ്ലൂര്‍ ഓപ്പണിന് തിങ്കളാഴ്ച കൊടിയേറും. ഇവിടെ മാറ്റുരയ്ക്കാന്‍ എത്തുന്നത് ലോക വനിതാ ടെന്നീസിലെ സൂപ്പര്‍ താരങ്ങള്‍.
വനിതാ ടെന്നീസില്‍ കരുത്തിന്‍റെ പ്രതീകങ്ങളായ വീനസ് സഹോദരിമാര്‍ തന്നെയാണ് ടൂര്‍ണ്ണമെന്‍റിന്‍റെ പ്രധാന ആകര്‍ഷണം. സാധാരണ ഗതിയില്‍ ഗ്രാന്‍ഡ് സ്ലാം ഒഴിച്ചുള്ള ടൂര്‍ണ്ണമെന്‍റുകളില്‍ ഒന്നിച്ച് പങ്കെടുക്കാത്ത ഇവര്‍ രണ്ട് പേരും ബാംഗലൂരുവിലെത്തുന്നത് ടെന്നീസ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.ഇരുവരും എന്തു കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്ന് അറിയില്ലെന്നാണ് ഇവരുടെ പിതാവ് റിച്ചാര്‍ഡ്സ് വില്യംസ് പറയുന്നത്.
കാര്യമായ അട്ടിമറികള്‍ നടന്നില്ലെങ്കില്‍ വില്യംസ് സഹോദരിമാര്‍ സെമി ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള വീനസും എട്ടാം സ്ഥാനത്തുള്ള സറീനയും ഏറ്റവും ഒടുവില്‍ പരസ്പരം ഏറ്റ്മുട്ടിയത് 2005ലെ യു എസ് ഓപ്പണിലായിരുന്നു.
വില്യംസ് സഹോദരിമാരെ കൂടാതെ ജലേനാ ജാങ്കോവിക്ക്, പാറ്റി ഷിന്‍ഡര്‍, ആഗ്‌നെസ് സാവേ തുടങ്ങിയവരും ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്. അതേ സമയം വിവാദങ്ങള്‍ ഉണ്ടാകുമെന്ന കാരണം പറഞ്ഞ് ഏഷ്യന്‍ ഒന്നാം നമ്പര്‍ താരം സാനിയാ മിര്‍സ ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്.