ഗെയിംസും വിവരാവകാശ നിയമത്തിന്‍റെ കീഴില്‍

Webdunia
വ്യാഴം, 7 ജനുവരി 2010 (17:46 IST)
PRO
ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസിനുള്ള സംഘാടക സമിതിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും വിവരാവകാ‍ശ നിയമത്തിന്‍റെ കീഴില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സംഘാടക സമിതിയെ വിവരാവകാശ നിയമത്തിന്‍‌കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് സമിതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജഡ്ജി രവീന്ദ്ര ബട്ടിന്‍റെ വിധി.

പൊതുഭരണ സംഘടനയെന്ന നിലയില്‍ സമിതിയെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ വാദം. എന്നാല്‍ ഭരണഘടനയുടെ 12 ആം അനുച്ഛേദം അനുസരിച്ചല്ല സമിതി രൂപീകരിച്ചിരിക്കുന്നതെന്നും സംഘാടക സമിതിയെന്നത് ഒരു സ്വയം ഭരണ സംഘടനയാണെന്നുമായിരുന്നു സംഘാടാക സമിതിയുടെ വാദം.

എന്നാല്‍ സംഘാടക സമിതി രൂപീകരണത്തിനായി 52 കോടി രൂപ അനുവദിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നതിനാല്‍ സമിതിയെ സ്വയംഭരണ സംഘടനയെന്ന് പറയാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ഈ തുക വായ്പയാണെന്നും തിരിച്ചടക്കേണ്ട തുകയാണെന്നുമായിരുന്നു സമിതിയുടെ എതിര്‍വാദം. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.