ബോളീവുഡിലെ മാര്‍ഷല്‍ ആര്‍ട്‌സ് വിദഗ്‌ദന്‍ ഇന്ത്യയുടെ ഗുസ്തി പാരമ്പര്യത്തെ പിന്തുണയ്‌ക്കാന്‍ എത്തുന്നു. കായിക ക്ഷമതയുടെയും കരുത്തിന്‍റെയും മത്സരത്തിനു പിന്തുണ നല്‍കുന്നത് മറ്റാരുമല്ല.
ബോളീവുഡ് ആക്ഷന്‍ കിംഗ് അക്ഷയ് കുമാര്‍ തന്നെ. പരമ്പരാഗത കായിക ഇനത്തിനു പുതുജീവന്‍ നല്‍കാനുള്ള നീക്കത്തിന്‍റെ ഭാഗമായി അഞ്ചു താരങ്ങളെ സ്പോണ്‍സര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആക്ഷന്‍ രാജാവ്.
“എത്ര മുടക്കേണ്ടി വന്നാലും അതു മുഴുവന്‍ വഹിക്കാന്‍ തയ്യാറാണ്. ഇത് അവസാന തീരുമാനം” അക്ഷയ് പറയുന്നു. മഹാരാഷ്ട്ര റസ്‌ലിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഗുസ്തി മത്സരങ്ങളുടെ ഭാഗമായെത്തിയപ്പോഴാണ് ആക്ഷന്‍ഹീറോ തന്‍റെ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ചു ഗുസ്തിക്കാര്‍ക്ക് എത്ര മുടക്കേണ്ടി വന്നാലും എല്ലാ ചെലവുകളും വഹിച്ചു കൊള്ളാമെന്നു ബോളീവുഡ് നായകന്‍ പ്രഖ്യാപിച്ചു.
സാമ്പത്തിക കാരണം കൊണ്ട് ഗുസ്തി താരങ്ങളുടെ കരിയര്‍ നഷ്ടമാകില്ലെന്ന് താന്‍ ഉറപ്പു നല്‍കുന്നതായും താരം പറഞ്ഞു. എന്നാല്‍ എത്ര തുകവരെ ഇതിനായി മുടക്കുമെന്ന് അക്ഷയ് വ്യക്തമാക്കിയില്ല. അക്ഷയ്‌യുടെ പ്രഖ്യാപനം പങ്കെടുത്ത ഗുസ്തിക്കാരെ മാത്രമല്ല മഹാരാഷ്ട്രയിലെ മുന്‍ എംപി സഞ്ജയ് നിരുപമിനെയും സന്തോഷിപ്പിച്ചു. ഗുസ്തിയെ പ്രോത്‌സാഹിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരിലെ പ്രമുഖനാണ് സഞ്ജയ്.
അക്ഷയ്‌കുമാറിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം കൂടുതല്‍ ശ്രദ്ധ വേണ്ട ഗുസ്തിയെ രാജ്യത്തു മുഴുവന്‍ പ്രസിദ്ധമാക്കുമെന്ന് നിരുപമും പറഞ്ഞു. കഴിഞ്ഞവര്‍ഷം നാലു ഹിറ്റുകള്‍ വരെ പേരിലുള്ള അക്ഷയ്കുമാര്‍ യാതൊരു നേട്ടവും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഈ കായിക വിനോദത്തോടുള്ള താല്പര്യം കൊണ്ടാണ് ഇറങ്ങി പുറപ്പെട്ടതെന്നും വ്യക്തമാക്കി.