കേരള ബ്ലാസ്റ്റേഴ്സിന് വിജയം

വ്യാഴം, 6 നവം‌ബര്‍ 2014 (21:58 IST)
കേരള ബ്ലാസ്റ്റേഴ്സ് കരുത്തുകാട്ടി. ഹോം ഗ്രൌണ്ടായ കൊച്ചിയില്‍ എഫ് സി ഗോവയെ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് വിജയം കുറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം വിജയിച്ചത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് ഏഴ് പോയിന്റായി. 
 
മിലാഗ്രെസ് ഗോണ്‍സാലസാണ് കേരളത്തിനുവേണ്ടി ഗോവയുടെ ഗോള്‍‌വല കുലുക്കിയത്. അറുപത്തിനാലാം മിനിറ്റിലായിരുന്നു ആ ഗോള്‍. സി എസ് സബീത്തിന് പകരക്കാരനായി ഇറങ്ങിയ  ഗോണ്‍സാലസ് കളത്തിലിറങ്ങി എട്ടാം മിനിറ്റിലാണ് ഗോള്‍ പായിച്ചത്.
 
രണ്ടാമത്തെ ഗോള്‍ അടിക്കാനുള്ള അവസരം കളിയുടെ അവസാനത്തില്‍ കേരളത്തിന്‍റെ കളിക്കാരന്‍ പാഴാക്കിയെങ്കിലും വിജയം കേരളത്തിനൊപ്പം നിന്നു. കുറഞ്ഞത് 3-0 എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാമായിരുന്നു. എന്നാല്‍ അമിതാവേശവും ഫിനിഷിംഗിലെ പോരായ്മയും നിര്‍ഭാഗ്യവും കാരണമാണ് ഹോം ഗ്രൌണ്ടില്‍ നിറപ്പൊലിമയുള്ള വിജയത്തിന് കേരളത്തിന് കഴിയാതെ പോയത്.
 
എന്തായാലും രണ്ടാം ജയത്തോടെ പോയിന്‍റുനിലയില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ കഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സിന്‍രെ ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറിനും കൊച്ചിയില്‍ നിന്ന് പുഞ്ചിരിയോടെ മടങ്ങാം.

വെബ്ദുനിയ വായിക്കുക