ഓസ്ട്രേലിയയില്‍ ഗ്ലാമര്‍ ഫൈനല്‍

Webdunia
വ്യാഴം, 24 ജനുവരി 2008 (13:37 IST)
PROPRO
സീസണീലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്‍രായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഗ്ലാമര്‍ ഫൈനലിനു അരങ്ങൊരുങ്ങി. സെര്‍ബിയയുടെ മൂന്നാം നമ്പര്‍ താരം അനാ ഇവാനോവിക്ക് കൂടി ഫൈനലില്‍ കടന്നതോടെയാണ് ഗ്ലാമര്‍ ഗേളുകളുടെ മല്‍സരമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ മാറുന്നത്.

ഒമ്പതാം സീഡായ സ്ലോവാക്യയുടെ ദാനിയേല ഹെന്‍റുക്കോവയെ 0-6, 6-3, 6-4 എന്ന സ്കോറിനായിരുന്നു ഇവാനോവിക്ക് കീഴടക്കിയത്. ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും നേടാനാകതെ പോയ ഇവാനോവിക്ക് രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളില്‍ നടത്തിയ അതിശയകരമായ തിരിച്ചുവരവാണ് ഫൈനലില്‍ അവര്‍ക്ക് സ്ഥാനം നല്‍കിയത്.

ഇരുവരും തമ്മിലുള്ള പോരാട്ടം രണ്ടു മണിക്കൂറും പത്തു മിനിറ്റും നീണ്ടു നിന്നു. നേരത്തേ സെര്‍ബിയന്‍ താരം ജലന ജാങ്കോവിക്കിനെ കീഴടക്കി മുന്‍ ഒന്നാം നമ്പര്‍ താരം ഷറപോവ ഫൈനലില്‍ കടന്നിരുന്നു. നിര്‍ണായക സെമിയില്‍ മികവ് കണ്ടെത്താന്‍ പാടുപെട്ട സെര്‍ബിയന്‍താരം 6-3, 6-1 എന്ന സ്കോറിനായിരുന്നു പരാജയം രുചിച്ചത്.

അതേ സമയം ഇന്ത്യയുടെ പ്രതീക്ഷയായ മഹേഷ് ഭൂപതിയുടെ ബഹാമസിന്‍റെ മാര്‍ക്ക് നോവല്‍‌സുമായുള്ള സഖ്യം സെമിയില്‍ പരാജയപ്പെട്ടു. ജോനാതന്‍ എല്‍‌റിച്ച്-ആന്‍ഡി റാം സഖ്യമായിരുന്നു ഭൂപതി-നോവല്‍‌സ് സഖ്യത്തെ പരാജയപ്പെടുത്തിയത്. ഇസ്രായേലി സഖ്യമായ ആന്‍ഡി റാം- ജോനാതന്‍ എല്‍‌റിച്ച് ഇന്തോ-ബഹാമസ് ടീമിനെതിരെ 6-4, 6-4 എന്ന സ്കോറിന്‍റെ വിജയമാണ് ആഘോഷിച്ചത്.

ഫ്രാന്‍സിന്‍റെ മൈക്കല്‍ ലൂര്‍ദ- ആര്‍നോള്‍ഡ് ക്ലെമന്‍റ് സഖ്യത്തെയാണ് ഫൈനലില്‍ ഇസ്രായേലി സഖ്യം നേരിടുന്നത്. രണ്ടാമത്തെ സെമിയില്‍ ഇവര്‍ കോട്‌സി-മൂഡി സഖ്യത്തെ 6-3, 7-6 എന്ന സ്കോറിനു പരാജയപ്പെടുത്തി സെമിയില്‍ എത്തി. മിക്‍സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ വനിതാ താരം സാനിയാ മിര്‍സയുമായുള്ള ഭൂപതിയുടെ ടീം സെമിയില്‍ കടന്നിരുന്നു. ഇനിയുള്ള ഏക പ്രതീക്ഷ അതു മാത്രമാണ്.