ഒളിമ്പിക്സ് വരുമാനത്തില്‍നിന്ന് അത്ലറ്റിക്സിനു നല്‍കുന്ന വിഹിതം കുറയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) തീരുമാനിച്ചു. ലണ്ടന്‍ ഒളിമ്പിക്സില്‍നിന്ന് ലഭിച്ച 51.9 കോടി ഡോളര്‍ 26 സ്പോര്‍ട്സ് ഫെഡറേഷനുകള്‍ക്കായി ഐഒസി വീതിച്ചുനല്‍കിയിരുന്നു.
ഫെഡറേഷന്റെ ഐഒസി റാങ്കിങ്ങിനനുസരിച്ചായിരുന്നു പണം പങ്കിട്ടത്. ഫെഡറേഷനുകളെ നാലു ഗ്രൂപ്പുകളിലായി തിരിച്ചായിരുന്നു ഇത്. ഗ്രൂപ്പ് എയില്‍പ്പെട്ട ഏക ഇനമായ അത്ലറ്റിക്സിന് 4.7 കോടി ഡോളറാണ് ഇതനുസരിച്ച് കിട്ടുക. എന്നാല്‍ റയോ ഡി ജനിറോയില്‍ നടക്കുന്ന അടുത്ത ഒളിമ്പിക്സില്‍ അത്ലറ്റിക്സിന് എ ഗ്രൂപ്പ് പദവിയില്ല. വരുമാനവും കുറയും.
അത്ലറ്റിക്സിനെപ്പോലെ ഹോക്കി, ഹാന്‍ഡ്ബോള്‍, അശ്വാഭ്യാസം, മോഡേണ്‍ പെന്റാത്തലണ്‍ എന്നിവയ്ക്കും വരുമാന നഷ്ടമുണ്ടാകും. എന്നാല്‍ ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ബോക്സിങ്, അമ്പെയ്ത്ത്, ഷൂട്ടിങ്, ഭാരദ്വഹനം എന്നിവയ്ക്ക് വരുമാനം വര്‍ധിക്കും.
പുതിയ റാങ്കിങ് കാര്യമാക്കുന്നില്ലെന്ന് ഇന്റര്‍നാഷണല്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ (ഐഎഎഎഫ്) പ്രസിഡന്റ് ലാമിന്‍ ഡിയാക് പറഞ്ഞു. ഒളിമ്പിക്സിലെ കായിക ഇനത്തില്‍ ലോകം മുഴുവന്‍ അംഗീകാരമുള്ളത് അത്ലറ്റിക്സിനു മാത്രമാണ്. അതിനാല്‍ ഈ റാങ്കിങ് ഞങ്ങള്‍ കാര്യമാക്കുന്നില്ല- അദ്ദേഹം പറഞ്ഞു.