ഒളിമ്പിക്സിന് ഗംഭീര തുടക്കം; ഇനി ആവേശക്കാലം

ശനി, 28 ജൂലൈ 2012 (09:02 IST)
PRO
PRO
വിസ്മയക്കാഴ്ചകളുമായി ലണ്ടനില്‍ ഒളിമ്പിക്സിന് ഗംഭീര തുടക്കം. ആകാശത്ത് പഞ്ചവളയങ്ങളില്‍ വര്‍ണവിസ്മയങ്ങളൊരുക്കിയായിരുന്നു ഒളിമ്പിക്സിന് തുടക്കമായത്. ആകാംക്ഷയ്ക്ക് വിരാമമിട്ട് ഏഴു ബ്രിട്ടീഷ് യുവതാരങ്ങളാണ് ഒളിമ്പിക്സ് ദീപം തെളിയിച്ചത്.

ഇംഗ്ലണ്ടിന്റെ ചരിത്രക്കാഴ്ചകളില്‍ തുടങ്ങി ആധുനിക ഇംഗ്ലണ്ടിന്റെ നേര്‍ക്കാഴ്ചകളിലേക്കെത്തുന്ന ദൃശ്യവിസ്മയമായിരുന്നു ഒളിമ്പിക്സിന്റെ ഉദ്ഘാടനവിരുന്ന്. ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയ്ല്‍ ഒരുക്കിയ ഈ ചടങ്ങില്‍ പുരാതന ബ്രിട്ടന്റെ ഗ്രാമങ്ങളും കൃഷിയിടങ്ങളും തുടര്‍ന്ന് ആധുനിക ബ്രിട്ടനിലേക്കുള്ള മാറ്റവും ഇംഗ്ലണ്ടുകാരുടെ ക്രിക്കറ്റ് ഭ്രമവുമെല്ലാം നിറഞ്ഞുനിന്നു. ആയിരത്തോളം കലാകാരന്‍‌മാര്‍ ഇതില്‍ പങ്കെടുത്തു.

ആകാശത്ത് അഞ്ച് വളയങ്ങളില്‍ നിന്ന് പെയ്തിറങ്ങിയ വര്‍ണ്ണമഴയും സംഗീതവുമെല്ലാം പതിനായിരത്തോളം പേര്‍ നേരിട്ടും നൂറു കോടിയിലേറെപ്പേരാണ് ടിവിയിലും കാണുകയും കേള്‍ക്കുകയും ചെയ്തു. രണ്ടരമണിക്കൂര്‍ ആയിരുന്നു ഉദ്ഘാടനച്ചടങ്ങ് നീണ്ടുനിന്നത്.

ഇരുന്നൂറ്റിനാല് രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങളുടെ മാര്‍ച്ച്‌പാസ്റ്റും നടന്നു. മാര്‍ച്ച്‌പാസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഗുസ്തിതാരം സുശീല്‍കുമാര്‍ ദേശീയ പതാകയേന്തി നയിച്ചു.

വെബ്ദുനിയ വായിക്കുക