ഏഷ്യന്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പി യു ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും ഇരട്ടസ്വര്‍ണം

ശനി, 21 സെപ്‌റ്റംബര്‍ 2013 (17:15 IST)
PRO
PRO
മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പി യു ചിത്രയ്ക്കും മുഹമ്മദ് അഫ്‌സലിനും ഇരട്ടസ്വര്‍ണം. ഇരുവരുടെയും സ്വര്‍ണം 1,500 മീറ്ററില്‍. ഏഴു സ്വര്‍ണമടക്കം 20 മെഡലുകള്‍ നേടി ഇന്ത്യ രണ്ടാം‌ സ്ഥാനത്താണ്. പെണ്‍കുട്ടികളുടെ 3000മീറ്റര്‍ ഓട്ടത്തില്‍ കഴിഞ്ഞ ദിവസം ചിത്ര സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററിലായിരുന്നു മുഹമ്മദ് അഫ്‌സലിന്റെ ആദ്യ സ്വര്‍ണം. ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ 3000 മീറ്റര്‍ മത്സരത്തില്‍ ജേതാവായിരുന്നു മുഹമ്മദ് അഫ്‌സല്‍.

കഴിഞ്ഞ ജനുവരിയില്‍ ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ ചിത്ര ടിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് മലേഷ്യയിലും ചിത്ര സ്വര്‍ണകൊയ്ത്ത് നടത്തിയത്. പാലക്കീഴ് പിടി ഉണ്ണികൃഷ്ണന്റെയും വസന്തകുമാരിയുടെയും നാലുമക്കളില്‍ മൂന്നാമതാണ് ചിത്ര. മുണ്ടൂര്‍ ഹയര്‍സെക്കന്‍ഡറിസ്‌കൂളിലെ കായികാധ്യാപകന്‍ എന്‍ എസ് സിജിന്‍ ആണ് ചിത്രയിലെ താരത്തെ കണ്ടെത്തിയത്.

സംസ്ഥാനകായികമേളയില്‍ 3,000 മീറ്ററില്‍ മൂന്നാംസ്ഥാനം നേടിയതാണ് ആദ്യ മികച്ചവിജയം. 2012-ല്‍ 3,000 മീറ്ററില്‍ ഒന്നാംസ്ഥാനം ലഭിച്ചു. ഇതിനുശേഷം ഈ വര്‍ഷം ഇറ്റാവയില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണം നേടി.

വെബ്ദുനിയ വായിക്കുക