ഉത്തേജകം: നീന്തല്‍താരം അര്‍ജുന മുരളീധരന്‌ രണ്ടുവര്‍ഷം വിലക്ക്‌

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (13:17 IST)
PRO
ദേശീയ നീന്തല്‍താരവും കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസ്‌ മെഡല്‍ജേതാവുമായ അര്‍ജുന മുരളീധരന്‌ ഉത്തേജമരുന്നുപരിശോധനയില്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ രണ്ടുവര്‍ഷത്തെ വിലക്ക്‌.

മാര്‍ച്ചില്‍ നടന്ന ഓള്‍ഇന്ത്യാ പൊലീസ്‌ അക്വാട്ടിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ മീതൈല്‍ ഹെക്‌സാനിമൈന്‍ എന്ന ഉത്തേജം ഉപയോഗിച്ചെന്നു പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണു ദേശീയ ഉത്തേജകവിരുദ്ധ സമിതി(നാഡാ) രണ്ടുവര്‍ഷത്തെ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

വിലക്കിനെതിരെ മുരളീധരന്‍ അപ്പീ‍ല്‍ നല്‍കാനാവുമെന്നും നാഡാ വക്താക്കള്‍ പറഞ്ഞു. 15 ദേശീയ മെഡലുകള്‍ നേടിയിട്ടുള്ള മുരളീധരന്‍ 50, 100, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനങ്ങളില്‍ ഒരു കാലത്ത്‌ ദേശീയ റെക്കോഡ്‌ നേടിയ താരമാണ്‌.

ഓസ്‌ട്രേലിയിലെ ബെന്‍ഡിഗോ കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ നേടിയിട്ടുള്ള വെങ്കലമെഡലാണു അര്‍ജുന മുരളീധരന്റെ കരിയറിലെ വലിയ നേട്ടം.

ഉത്തേജകപരിശോധനയില്‍ പിടിക്കപ്പെട്ടതിന്‌ അര്‍ജുന്റെ സഹോദരന്‍ അമര്‍ മുരളീധരന്‌ 2012 നവംബറില്‍ രണ്ടുവര്‍ഷത്തെ വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക