ഇംഗ്ലണ്ട്, ജര്‍മനി രണ്ടാം റൗണ്ടില്‍

Webdunia
വ്യാഴം, 24 ജൂണ്‍ 2010 (09:05 IST)
ഇംഗ്ലണ്ട്, ജര്‍മനി, ഘാന, അമേരിക്ക രണ്ടാം റൗണ്ടില്‍ കടന്നു. ജീവന്മരണ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സ്ലോവേനിയയെ തോല്‍പിച്ച ഇംഗ്ലണ്ടും അല്‍ജീരിയയെ ഒരു ഗോളിന് കീഴടക്കി അമേരിക്കയും ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. പുറത്താകല്‍ ഭീതിയിലായിരുന്ന ജര്‍മനി ഘാനയെ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രേലിയ സെര്‍ബിയയെയും തോല്‍പ്പിച്ചു.

ഓരോ ജയവും രണ്ട് സമനിലയുമായി അഞ്ച് പോയന്റ് നേടിയ അമേരിക്ക മികച്ച ഗോള്‍ശരാശരിയില്‍ ഗ്രൂപ്പ് ജേതാക്കളാകുകയായിരുന്നു. അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഓസ്‌ത്രേലിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ തോല്‍പിച്ചത് ഘാനക്ക് തുണയായി. ജയിച്ചെങ്കിലും ഓസ്ട്രേലിയ പുറത്തായി.

ജര്‍മനി ആറ് പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം റൗണ്ടില്‍ ജര്‍മനി ഇംഗ്ലണ്ടിനെയും അമേരിക്ക, ഘാനയെയുമായും ഏറ്റുമുട്ടും. ജയം അനിവാര്യമായ മല്‍സരത്തില്‍ ഒന്നാന്തരം കളി പുറത്തെടുത്ത ഇംഗ്ലണ്ടിന് ഇരുപത്തിരണ്ടാം മിനുറ്റില്‍ ജര്‍മൈന്‍ ഡെഫോയാണ് ഗോള്‍ സമ്മാനിച്ചത്.

ആദ്യ രണ്ട് മല്‍സരങ്ങളില്‍ അമേരിക്കയോടും അല്‍ജീരിയയോടും കളിമറന്ന ഇംഗ്ലണ്ട് ഇന്നലെ മികച്ച ഫോമിലായിരുന്നു. ലെനനെയും ഹെസ്‌കിയെയും പുറത്തിരുത്തി മില്‍നറെയും ഡെഫോയെയും കളത്തിലിറക്കിയ കാപല്ലോയുടെ തന്ത്രങ്ങള്‍ മികച്ചതായിരുന്നു. റൂണിയും ജെറാര്‍ഡും ഗ്ലൊന്‍ ജോണ്‍സനും ലാംപാര്‍ഡും കളത്തില്‍ നിറഞ്ഞു കളിച്ചു.